രാജാക്കാട്: ബൈസൺവാലിയിൽ നാട്ടുകാർ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് റവന്യു അധികൃതർ പൊളിച്ചുനീക്കി. പഞ്ചായത്തിലെ ലക്ഷം വീട് കവലയിൽ പുറംപോക്ക് ഭൂമിയിലെ ബസ് കാത്തിരുപ്പു കേന്ദ്രമാണ് കോടതി ഉത്തരവ് പ്രകാരം പൊളിച്ചു മാറ്റിയത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ പുറംപോക്ക് ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന ഷെഡ് തടസം സൃഷ്ടിക്കുന്നെന്ന് കാണിച്ച് പുത്തൻപുരക്കൽ സതീശൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവികുളം സബ് കലക്ടറുടെ നിർദേശപ്രകാരമാണ് ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ റവന്യു വകുപ്പ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത്. താൽക്കാലികമായി ഉണ്ടായിരുന്ന ബസ് കാത്തിരുപ്പു കേന്ദ്രം നഷ്ടമായതോടെ മഴയും വെയിലും ഏറ്റ് വാഹനം കാത്ത് നിൽക്കേണ്ട ഗതികേടിലായി യാത്രക്കാർ. പഞ്ചായത്ത് ഇടപെട്ട് പകരം കേന്ദ്രം നിർമ്മിയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.