തൊടുപുഴ: '' നാടായാലൊരു സ്‌കൂളു വേണം... സ്‌കൂളിൽ പിള്ളാരും വേണം..പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്‌നേഹിതരേ.. '' ഇത് പൃത്ഥിരാജിന്റെ '' മാണിക്യക്കല്ല് '' എന്ന സിനിമയിലെ ഗാനം. അവശതയിലായി അടച്ചുപൂട്ടലിലേയ്ക്ക് നീങ്ങിയ വണ്ണാന്മലയെന്ന ഗ്രാമത്തിലെ സർക്കാർ സ്‌കൂളിനെ അടിമുടി മാറ്റിയെടുത്ത് വിജയതിളക്കം നേടിയെടുക്കുന്ന '' വിനയചന്ദ്രൻ '' എന്ന അധ്യാപകനാണ് കഥയിലെ നായകൻ. എന്നാൽ ഇവിടെ, അരിക്കുഴ ഗവ.എൽ.പി സ്‌കൂളിന് ഈ കഥയുമായി സാമ്യതയേറെയുണ്ടെങ്കിലും ചെറിയ ഒരു വ്യത്യാസമുണ്ട്. ഇവിടെ നായകൻ ഒന്നല്ല, അധ്യാപകനും രക്ഷിതാവും കുട്ടിയും മറ്റ് ജീവനക്കാരുമെല്ലാം ഇവിടെ നായകൻമാരാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കുട്ടികളുടെ കൊഴിഞ്ഞു പോക്കും കാരണം ഗവ. സ്‌കൂളുകളുടെ ദുർഗതിപോലെ അടച്ചുപൂട്ടലിലേയ്ക്ക് നീങ്ങിയിരുന്ന അരിക്കുഴ ഗവ.എൽ.പി സ്‌കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. കെട്ടിലും മട്ടിലും മാത്രമല്ല പഠനരീതികളിലും അരിക്കുഴ സ്‌കൂളിനെ സംസ്ഥാനതലത്തിൽ മാതൃകയാക്കാവുന്ന വിധത്തിൽ വളർച്ച പ്രാപിച്ചു.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 42 കുട്ടികളാണുള്ളത്. കഴിഞ്ഞഒരു വർഷത്തിനുള്ളിൽ സ്‌കൂളാകെ മാറി. മഴയത്ത് നനഞ്ഞൊലിച്ചിരുന്ന ക്ലാസ് റൂമുകളിപ്പോൾ റൂഫിംങും സീലിംങും നടത്തി മനോഹരമാക്കി. ക്ലാസ് മുറികളും മുൻവശത്തെ ഭിത്തിയുടെ പകുതിയും ടൈൽസ് പതിപ്പിച്ചു. കെട്ടിടമാകെ പെയിന്റടിച്ച് മനോഹരമാക്കി. പ്രത്യേകം കെട്ടിത്തിരിച്ച പൂന്തോട്ടവും പച്ചക്കറി തോട്ടവും ജൈവവൈവിധ്യപാർക്കും താമരക്കുളവും, ഓരോ ക്ലാസ് മുറികളിലും വാഷിംങ് ബെയ്സൻ, മുഴുവൻ ക്ലാസുകളും സമാർട്ട് ക്ലാസുറൂമുകളാക്കി. ഇങ്ങനെ പോകുന്നു ഭൗതീക വികസനങ്ങൾ. ഇപ്പം പണ്ട് ഇവടെ പഠിച്ച് പോയവർ സ്‌കൂള് കണ്ടാൽ ഒന്നുകൂടി പഠിക്കാൻ തോന്നുവിധം മനോഹരമായിക്കഴിഞ്ഞു. എസ്.എസ്.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 12.29 ലക്ഷം രൂപയുമായി നിർമാണം ആരംഭിച്ച വികസന പ്രവർത്തനങ്ങൾ ഇപ്പോൾ 16 ലക്ഷത്തോളം വരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഹെഡ്മാസ്റ്റർ അബ്ദുൾ മജീദ്, പി.ടി.എ പ്രസിഡന്റ് സി.കെ ലതീഷ്, എം.പി.ടി.എ പ്രസിഡന്റ സിന്ധു നവാസ്, അധ്യാപകരായ പി.സി കൊച്ചുറാണി, വി.കെ ജിജിമോൾ, വി.എ അജി, സിനി ടി. പ്രവീൺ എന്നിവരും ജീവനക്കാരായ ലീലാമണി, സുധ, പി.ടി.എ പ്രതിനിധി മോഹൻ തുടങ്ങിയവരെല്ലാം സ്‌കൂളിന്റെ വിജയത്തിന്റെ പിന്നിലെ കരങ്ങളാണ്.
.....പിള്ളാര് മാത്രമല്ല, രക്ഷിതാക്കളും പഠിക്കണം
അരിക്കുഴ സ്‌കൂളിൽ കുട്ടികളെ വിട്ടാൽ രക്ഷിതാക്കളും സ്‌കൂളിൽ പോയി പഠിക്കണം. എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ചകൾ രക്ഷിതാക്കളും പഠിതാക്കളായി മാറും. കഴിഞ്ഞ ജൂണിലാണ് രക്ഷിതാക്കൾക്കായി ക്ലാസ് ആരംഭിച്ചത്. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളായിരുന്നു ക്ലാസ്. ജൂലൈ മാസത്തിൽ എല്ലാവർക്കും പ്രത്യേകമായി കൗൺസലിംങ് നൽകി. ഓഗസ്റ്റിൽ സമയവും ധനവും എങ്ങനെ വിനിയോഗിക്കണം എന്ന വിഷയത്തിലുമാണ് ക്ലാസ് നടന്നത്. ഓരോ വിഷയത്തിലും അതാത് മേഖലയിലെ വിദഗ്ധരായ കൗൺസിലർമാരാണ് ക്ലാസ് നടത്തുക. രക്ഷിതാക്കൾക്ക് ക്ലാസ് നടക്കുമ്‌പോൾ കുട്ടികൾക്ക് കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ പരിശീലനം നൽകും. സ്‌കൂളിന്റെ പ്രവത്തിസമയത്തെ ബാധിക്കാത്ത വിധത്തിൽ ഞായറാഴ്ച ദിവസങ്ങളിലാണ് ക്ലാസ്. തുടക്കത്തിൽ 9.30 മുതലായിരുന്നെങ്കിലും ഇപ്പോൾ രാവിലെ ഏഴു മുതൽ ഉച്ച വരെയാണ് ക്ലാസ്. അധ്യാപകരും രക്ഷിതാക്കൾക്കൊപ്പം അന്നേദിവസം പങ്കെടുക്കുന്നുണ്ട്.
....ഉദ്ഘാടനം 28 ന്
സകൂൾ വാർഷികത്തിന്റെയും ആധുനികവത്കരിച്ച് സകൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും 28 ന് നടക്കും. അന്നേ ദിവസം ്സ്‌കൂൾ പുതുതായി പുറത്തിറക്കുന്ന പത്രത്തിന്റെ പ്രകാശനവും നടക്കും.