തൊടുപുഴ : വണ്ടമറ്റം അക്വാറ്റിക് സെന്ററിനോടനുബന്ധിച്ച് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള കിഡ്സ് സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം നാളെ പി.ജെ.ജോസഫ് എം.എൽ.എ നിർവഹിക്കും. രാവിലെ 10ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കുന്ന യോഗത്തിൽ കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി അദ്ധ്യക്ഷത വഹിക്കും. സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും അന്തർദേശീയ നീന്തൽ റഫറിയുമായ എസ്. രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ദ്രോണാചാര്യ തോമസ് മാഷ്, കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ, കേരള ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറിയും കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റും ഇന്റർനാഷണൽ ഫിബാ കമ്മീഷണറുമായ ഡോ. പ്രിൻസ് കെ മറ്റം, കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു നായർ, കേരള സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, വിവിധ കായികസംഘടനാ ഭാരവാഹികൾ, സംസ്ഥാനദേശീയ കായികരംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഇടുക്കിജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗീസ് അറിയിച്ചു. അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല നീന്തൽപരിശീലന ക്ലാസ്സുകളുടെ പുതിയ ബാച്ചും ഇതോടൊപ്പം ആരംഭിക്കും. വളർന്നുവരുന്ന ഓരോ കുട്ടിക്കും നീന്തലിന്റെ പ്രാധാന്യം പകർന്നുനൽകുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു നൽകി മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാൻ കിഡ്സ് പൂൾ ഉപകരിക്കും. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടമരണങ്ങൾ ഒഴിവാക്കുകയും പ്രധാന ലക്ഷ്യമാണ്.