തൊടുപുഴ: കേരള അഗ്രീകൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 25 മുതൽ മേയ് അഞ്ച് വരെ തൊടുപുഴയിൽ കാഡ്സ് ഗ്രീൻ ഫെസ്റ്റ് നടത്തും. 18-ാമത് ഫെസ്റ്റിനോടനുബന്ധിച്ച് ചക്കയുത്സവം, മാമ്പഴമേള എന്നിവയും ഒരുക്കും. മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ചാണ് ഫെസ്റ്റ് നടത്തുന്നത്. ടെക്ഫെസ്റ്റ്,​ എഗ് ഫുഡ്ഫെസ്റ്റ്,​ ശില്പശാലകൾ,​ മത്സ്യക്കൊയ്ത്ത്,​ ജൈവശ്രീ അവാർഡ് എന്നിവ നൽകും. ജില്ലാ സഹകരണ ബാങ്കിന്റെയും​ എം.ജി. യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് ആദ്യത്തെ ടെക്ഫെസ്റ്റ് നടത്തുന്നത്. കേരളത്തിലെ എൻജിനിയറിംഗ് കോളേജുകൾ, ​ പോളിടെക്നിക്,​ കാർഷിക കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഇത് നടത്തുന്നത്. കാർഷിക മേഖലയിലെ നൂതന കണ്ടുപിടുത്തങ്ങളുടെയും ​ആശയങ്ങളുടെയും പ്രദർശനവും മത്സരങ്ങളുമുണ്ട്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും​ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റും സ്റ്റാർട്ട് അപ്പ് സൗകര്യവും നൽകും. കർഷകർക്കും മത്സരത്തിൽ പങ്കെടുക്കാം. കാർഷികോത്പന്ന വൈവിധ്യവുമായി ബന്ധപ്പെട്ട് ആത്മയുടെ നേതൃത്വത്തിൽ 10 ശില്പശാലകളാണ് നടത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്ന 100 കർഷകരെ ഉൾപ്പെടുത്തി ക്ലാസുകൾ രൂപീകരിക്കാം. തുടർന്ന് പരിശീലനവും വിപണന സൗകര്യങ്ങളും ഒരുക്കും. 51 വിഭവങ്ങൾ അടങ്ങിയ എഗ് ഫുഡ് ഫെസ്റ്റിന് ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകും. നാടൻ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും വൻശേഖം വിത്തു മഹോത്സവത്തിലുണ്ടാകും. കണ്ണാറവാഴ ഗവേഷണ കേന്ദ്രത്തിലെ വിവിധ വാഴയിനങ്ങൾ, കാർഷിക യൂണിവേഴ്സിറ്റിയിലെ പച്ചക്കറി വിത്തുകൾ, കൊക്കോ തൈകൾ,​ മികച്ച നഴ്സറികളിൽ നിന്നുള്ള ഫലവൃക്ഷ തൈകൾ,​ പൂച്ചെടികൾ എന്നിവയും ഒരുക്കും. വിഷരഹിത മാമ്പഴങ്ങളുടെ മേളയ്ക്ക് നേതൃത്വം നൽകുന്നത് പാലക്കാട് മുതലമടയിലെ മാവുകർഷകരാണ്. ഭീമൻ ചക്ക മുതൽ,​ കുഞ്ഞൻചക്ക വരെയുള്ളവയുടെ പ്രദർശനവും​ ഭീമൻ ചക്ക ഉയർത്തൽ,​ ചക്കയൊരുക്കൽ,​ ചക്കക്കുരു ഒരുക്കൽ,​ പ്ലാവിലത്തൊപ്പി നിർമ്മാണം,​ മികച്ചയിനം ആടുകളുടെ പ്രദർശനം,​ കുട്ടികൾക്ക് കാർഷിക പ്രദർശനം,​ കൃഷി പാട്ട് മത്സരം,​ ഉപന്യാസം,​ ചിത്രരചന,​ കടങ്കഥ,​ പഴഞ്ചൊല്ല്,​ നാടോടി നൃത്തം,​ ക്വിസ്,​ മത്സരം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് കലാ പരിപാടികൾ ഉണ്ടാകും. ജൈവ കർഷകർക്ക് ജൈവശ്രീ അവാർഡ് നൽകും. 50 സെന്റ് സ്ഥലമുള്ള കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലെ കർഷകർക്കാണ് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് നൽകുന്നത്. 20ന് മുമ്പ് അപേക്ഷ നൽകണം. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. 20 രൂപയാണ് പ്രവേശന പാസ്. 10 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർമാൻ വി.പി. ജോർജ്ജ്,​ സ്വാഗത സംഘം വൈസ് ചെയർമാൻ എം.സി. മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.