കുമളി: ഓരോ ദിവസവും വേനൽചൂട് ശക്തി പ്രാപിക്കുമ്പോൾ ഏലം കർഷകരുടെ മനസാണ് ഉരുകുന്നത്. ചൂടിന്റെ കാഠിന്യത്തിൽ ജലസ്രോതുകളും ജല വിതരണത്തിനായി ഒരുക്കിയിരുന്ന ചെക്ക് ഡാമുകളും വറ്റിവരണ്ടു. ഏലത്തിന് ജലം അത്യന്താപേക്ഷിതമാണ്. എന്നാൽ ഒരു ദിവസം പൂർണമായും നനയ്ക്കുന്നതിനുള്ള വെള്ളം ലഭിക്കുന്നില്ല. ഓരോ ദിവസവും നൂറുകണക്കിന് ഏല ചെടികളാണ് ചൂടിൽ വീഴുന്നത്. പ്രളയത്തിൽ ഏലചെടികൾക്ക് സംഭവിച്ച നാശനഷ്ടത്തിൽ നിന്ന് കർഷകർ കരയറുന്നതിന് പിന്നാലെയാണ് ചൂട് പ്രഹരമായത്. ഏലക്കായ്ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന വില ലഭിക്കുമ്പോഴാണ് ചെടികൾ പൂർണമായും നശിക്കുന്നത്. നിലവിൽ 800 മുതൽ 1500 രൂപവരെ വില ലഭിക്കുന്നുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിലാണ് ശരം ഉണ്ടായി ഏലം കായായി മാറുന്നത്. എന്നാൽ കാലവസ്ഥ വ്യതിയാനത്തിൽ നേരത്തെ തന്നെ ശരം ഉണ്ടായതിനാൽ ചൂടിൽ പൂവ് പൊഴിഞ്ഞ് പോകുന്നതും കർഷകരെ സാരമായി ബാധിക്കുന്നുണ്ട്. ഒന്ന് രണ്ട് വേനൽ മഴ തുടർച്ചയായി ലഭിച്ചില്ലെങ്കിലും ഏലചെടിയെ സാരമായി ബാധിക്കും. തുടർച്ചയായ വേനൽ മഴയെ കാത്തിരിക്കുകയാണ് കർഷകർ.