ice
തേയിലച്ചെടികൾക്കിടയിൽ നിന്നും ലഭിച്ച മഞ്ഞുകട്ടകൾ

വണ്ടിപ്പെരിയാർ: സ്വകാര്യതേയില തോട്ടത്തിൽ ഐസുകട്ടകൾ വീണതിനെ തുടർന്ന് പരിഭ്രാന്തരായി പ്രദേശവാസികളും തോട്ടം തൊഴിലാളികളും. വള്ളക്കടവ് എട്ടാം നമ്പർകോളനിയിലെ സ്വകാര്യതേയിലതോട്ടത്തിലാണ് ബുധനാഴ്ച രാവിലെ 8.30ന് ഐസുകട്ടകൾ വീണ നിലയിൽ കണ്ടത്. ഉഗ്രശബ്ദത്തോടെ എന്തോ പതിക്കുന്ന ശബ്ദംകേട്ട് തേയിലതോട്ടത്തിനോട് സമീപത്ത് താമസിക്കുന്ന മോഹൻരാജിന്റെ മകൻ രാജനാണ് ഐസുകട്ട ആദ്യം കണ്ടത്. സമീപത്ത് നടത്തിയ പരിശോധനയിലാണ്‌ തേയില ചെടികൾക്കിടയിൽ പൊട്ടി ചിതറിയ നിലയിൽ ഐസ്‌കട്ടകൾ കണ്ടത്. മൂന്നു കിലോയോളം തൂക്കം വരുന്ന ഐസുകട്ടകൾ ലഭിച്ചതോടെ പരിഭ്രാന്തരായ രാജൻ സമീപത്തെ തോട്ടത്തിൽ പണി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികളെ വിളിച്ചു കാണിച്ചു. കൗതുകത്തിനായി പലരും ഫോട്ടോ എടുക്കുകയും കൈയിൽ എടുത്ത്‌ നോക്കുകയും ചെയ്തെങ്കിലും മിനിറ്റുകൾക്കകം അലിഞ്ഞുപോയതായാണ് തൊഴിലാളികൾ പറയുന്നത്. ഓട്ടോറിക്ഷ മാത്രം കടന്നുപോകാനിടമുള്ള ഇതുവഴിയിലൂടെ ആ സമയത്ത് വാഹനങ്ങളൊന്നും പോയിട്ടില്ലെന്ന് ഇവർ പറയുന്നു. മഞ്ഞുകട്ട വീണതിനെ കുറിച്ച് അന്വേഷിച്ചു ആളുകൾക്കിടയിലുള്ള പരിഭ്രാന്തി മാറ്റണമെമെന്നാണ്‌ തോട്ടം തൊഴിലാളികളുടെ ആവശ്യം.