moshanam
മോഷ്ടാവ് തകർത്ത വ്യാപാര സ്ഥാപനത്തിന്റെ കതക്‌

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ടൗണിൽ കട കുത്തിത്തുറന്ന് രണ്ടായിരത്തോളം രൂപ മോഷ്ടിച്ചു. വണ്ടിപ്പെരിയാർ ടൗണിൽ പ്രവർത്തിക്കുന്ന തങ്കച്ചന്റെ (ജോസ് ജോസഫ്) ഉടമസ്ഥതയിലുള്ള ചായക്കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ തടി ഉപയോഗിച്ചുള്ള കതക് കുത്തി തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. മോഷണം നടത്തിയ ശേഷം അശ്ലീലം നിറഞ്ഞ കത്ത് എഴുതി വെച്ച ശേഷമാണ് കടയിലുണ്ടായിരുന്ന പണം അപഹരിച്ചത്. മോഷണം നടന്ന സ്ഥാപനം കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയ പാതയിലെ റോഡിനോട് ചേർന്നുള്ള ഭാഗത്ത് പ്രവർത്തിക്കുന്നതാണ്. കട തുറക്കാൻ എത്തിയ സ്ഥാപന ഉടമ മോഷണവിവരം അറിഞ്ഞത് പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരാൾക്ക് മാത്രം കടക്കാവുന്ന രീതിയിൽ കതക് പൊളിച്ച ശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറി മോഷണം നടത്തിയിരിക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.