prathy
അറസ്റ്റിലായ പ്രതികൾ

രാജാക്കാട്: തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 2.05 കഞ്ചാവുമായി രണ്ടു പേരെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്‌മെന്റ് സംഘം പിടികൂടി. രാജകുമാരി ടൗണിലുള്ള ദൈവമാതാ പള്ളിവക കുരിശടിക്ക് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. തമിഴ്നാട് തേനി ജില്ലയിൽ പി.സി. പട്ടി പെരിയാർ തെരുവിൽ വിജയൻ (49)​, പള്ളിവാസൽ തട്ടാത്തിമുക്ക് കരയിൽ പുത്തൻപുരയ്ക്കൽ ഗ്രീൻ ബോസ് (48)​ എന്നിവരാണ് പിടിയിലായത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് ഡിപ്പാർട്ടുമെന്റ് കർശന പരിശോധനകൾ നടത്തുന്നതിനാൽ ഇന്നലെ പുലർച്ചെ കഞ്ചാവ് കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്. സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ന്യൂമാന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി. സുകു, ടി.വി. സതീഷ്, കെ.എസ്. അസീസ്, സി.ഇ.ഒമാരായ കെ.എസ്. മീരാൻ, ദീപുരാജ്, ഷോബിൻ മാത്യു, രഞ്ജിത്ത് കവിദാസ്, ലിബിൻ രാജ്, എസ്.പി ശരത് എന്നിവരും പങ്കെടുത്തു. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.