പീരുമേട്: തോട്ടം മേഖലയിൽ ദേശസാത്കൃത ബാങ്ക് വഴിയുള്ള സാമൂഹ്യക്ഷേമ പെൻഷനുകൾ വൈകുന്നത് സാധാരണക്കാരെ ഏറെ വലയ്ക്കുന്നു. ഇതിനോടകം അഞ്ചു മാസത്തെ പെൻഷൻ തുകയാണ് മുടങ്ങി കിടക്കുന്നത്. ഇതിൽ വാർദ്ധക്യ പെൻഷൻ മുടങ്ങിയവരാണ് ഏറെയും. നിരാലംബരായ സാധാരണക്കാർ ഉപജീവനത്തിനും മരുന്നിനും മറ്റും ഉപയോഗിക്കുന്ന ഏക വരുമാനമാർഗമാണ് നിലച്ചത്. കോ- ഓപ്പറേറ്റീവ് ബാങ്ക് വഴിയും പോസ്റ്റോഫീസ് മുഖാന്തിരവും ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഇതിനോടകം അഞ്ചു മാസത്തെ പെൻഷൻ തുകയായ 5,600 രൂപ ലഭിച്ചെങ്കിലും ദേശസാത്കൃത ബാങ്ക് വഴി ഇത് വരെ പെൻഷൻ തുക ലഭിച്ചു തുടങ്ങിയിട്ടില്ല. ബാങ്കുകളിൽ മണിക്കൂറുകൾ ക്യൂനിന്ന് പെൻഷൻ തുക വാങ്ങാനെത്തുമ്പോഴാകും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നത്. പണം വന്നാൽ ഫോണിൽ അറിയിപ്പ് ലഭിക്കുമെന്നും ഇതിനു ശേഷം ബാങ്കിൽ എത്തിയാൽ മതിയെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇതോടെ വൃദ്ധരടക്കം നിരാശരായി മടങ്ങുകയാണ് പതിവ്. വായിക്കാനും എഴുതാനും പോലുമറിയാത്ത തോട്ടം മേഖലയിലുള്ളവരിൽ പലരും ഫോൺ ഉപയോഗിക്കാൻ അറിയാത്തവരാണ്. പരസഹായം കൂടാതെ ബാങ്കിലെ ഫോമുകൾ എഴുതാൻ പോലുമാകില്ല. ശാരീരിക അവശതയിലും ഇവർ ഒന്നിടവിട്ട ദിവസങ്ങളിൽ പെൻഷൻ തുകയ്ക്കായി ബാങ്കിലെത്തുന്നതും നിരാശരായി മടങ്ങുന്നതും സ്ഥിരം കാഴ്ചയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കുന്നതിനായി നൽകിയ ഫോറം പൂരിപ്പിക്കുന്നതിൽ പിഴവു സംഭവച്ചതിനാലാണ് അർഹതപെട്ട പെൻഷൻ കൂട്ടത്തോടെ മുടങ്ങാൻ കാരണമായതെന്നാണ് അതികൃതരുടെ വിശദീകരണം. ഭാര്യയ്ക്കും ഭർത്താവിനും ഒരേ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നതിനായി അപേക്ഷ കൊടുത്തതും പലർക്കും തിരിച്ചടിയായി.