രാജാക്കാട്: കായിക പ്രേമികളെ ഹരം കൊള്ളിച്ചുകൊണ്ട് 'മലയോരത്തിന്റെ വോളീബോൾ മാമാങ്കം' എന്നറിയപ്പെടുന്ന സേനാപതി വോളിയ്ക്ക് തുടക്കമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പേർ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തി. കുടിയേറ്റകാലം മുതൽ വോളീബോളിനെ ജീവിതത്തിന്റെ ഭാഗമാക്കിയ മുൻതലമുറക്കാരായ വോളീബോൾ കളിക്കാരോടുള്ള ആദരസൂചകമായി സേനാപതി മലർവാടി ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബാണ് മത്സരം നടത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് പ്രമുഖ ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 2000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ രാത്രിയിലും പകൽ വെളിച്ചം പകരുന്ന ഫ്ളഡ് ലൈറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ്, വൈസ് പ്രസിഡന്റ് ശ്യാമളാ സാജു, ബ്ളോക്ക് പഞ്ചായത്ത് അംഗം ജൂബി അജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സിനെ പരാജയപ്പെടുത്തി എം.ആർ.സി ഊട്ടി വിജയികളായി. ഇന്ന് കൊച്ചിൻ സിക്സസും ന്യൂ സ്റ്റാർ ഇടുക്കിയും തമ്മിൽ മാറ്റുരയ്ക്കും. സേനാപതി മർച്ചന്റ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന മത്സരങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് ടി.വി സാബു, സെക്രട്ടറി കെ.എ. ജോർജ്ജ്‌കുട്ടി എന്നിവരാണ് നേതൃത്വം നൽകുന്നത്. 14ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ അന്തർ ദേശീയ വോളീബോൾ താരം വി.എ മൊയ്തീൻ നൈന സമ്മാനദാനം നിർവഹിക്കും.