മൂലമറ്റം: മണപ്പാടി അംഗൻവാടിയിൽ പാചകവാതക സിലണ്ടറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ടീച്ചർ അവധിയായതിനാൽ ആയയും കുട്ടികളുമാണ് അംഗൻവാടിയിൽ ഉണ്ടായിരുന്നത്. അടുപ്പ് കത്തിക്കാൻ ശ്രമിച്ചപ്പോൾ ഗ്യാസ് കുറ്റിയുടെ റെഗുലേറ്ററിന്റെ ഭാഗത്ത് തീ ആളികത്തുകയായിരുന്നു. മൂന്നിങ്കവയൽ കടുകുംമാക്കൽ സ്വദേശിയായ ആയ ശ്യാമള ആദ്യം പരിഭ്രമിച്ചെങ്കിലും മനോധൈര്യം കൈവിടാതെ സിലണ്ടർ ഒരു വിധം വലിച്ച് പുറത്തെത്തിച്ചു. എട്ട് കുട്ടികൾ പഠിക്കുന്ന അംഗൻവാടിയിൽ ഇന്നലെ രണ്ട് പേർ മാത്രമാണ് വന്നത്. അംഗൻവാടിയുടെ അകത്ത് പ്രത്യേകമായി തിരിച്ച മുറിയിലാണ് കുട്ടികൾക്കുള്ള ആഹാരം പാകം ചെയ്യുന്നത്. പുറത്തെത്തിച്ച സിലണ്ടറിലെ തീ ശ്യാമളയും സമീപവാസിയായ സജിയും ചേർന്ന് വെള്ളം ഒഴിച്ച് അണച്ചു. ശ്യാമളയുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. റഗുലേറ്ററിന്റെ ഭാഗവും ഹോസും കത്തിനശിച്ചു. ഗ്യാസ് ഏജൻസികൾ വിതരണം ചെയ്യുന്ന സിലണ്ടറുകൾ വേണ്ടത്ര സുരക്ഷാ പരിശോധന നടത്താതെയാണ് നൽകുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ട്. വിവരമറിഞ്ഞ് മൂലമറ്റം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.