തൊടുപുഴ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിലെ 'ഓവറോൾ' വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് ദേശീയ തലത്തിൽ 78-ാം സ്ഥാനവും കേരളത്തിൽ നിന്നുള്ള കോളേജുകളിൽ 12-ാം സ്ഥാനവും കരസ്ഥമാക്കി. രാജ്യത്തെ മികച്ച സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്താൻ മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന റാങ്കിംഗിൽ പഠനഫലം, അദ്ധ്യാപകമികവ്, ഗവേഷണസൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പാഠ്യ പാഠ്യേതരമേഖലയിൽ മികവ് പുലർത്തി മുന്നേറുന്ന ജില്ലയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമാൻ കഴിഞ്ഞ വർഷം 21 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കി. മറ്റ് പല കോളേജുകളെയും പിന്നിലാക്കി ന്യൂമാൻ മുൻപന്തിയിൽ എത്തിയതിനു പിന്നിൽ അദ്ധ്യാപകരുടെ പരിശ്രമവും വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനവും മാനേജ്‌മെന്റിന്റെ പ്രോത്സാഹനവുമാണെന്ന് പ്രിൻസിപ്പൽ ഡോ.തോംസൺ ജോസഫ് പറഞ്ഞു.