കോലാനി: കോലാനി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലിയും 6.30ന് വിശേഷാൽ ദീപാരാധനയും ഉണ്ടായിരിക്കും. ആറാം ഉത്സവദിനമായ 14ന് വൈകിട്ട് ഏഴിന് നടത്തുന്ന സാംസ്‌കാരിക സദസ് പന്തളം രാജ പ്രതിനിധി വി.ജി. ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ഭരണസമിതി പ്രസിഡന്റ് ഭാസ്‌കരൻ നായർ ഒഴിവാരത്ത് അദ്ധ്യക്ഷത വഹിക്കും. ഡോ. ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. പഞ്ചപാണ്ഡവൻമാരാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് കരുതുന്ന അഞ്ച് അമ്പലങ്ങളുടെയും ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് കോട്ടയം അഭിലാഷ് നയിക്കുന്ന ഗാനമേള. 15ന് രാവിലെ അഞ്ചിന് വിഷുക്കണി. 11ന് ഉത്സവ ബലി ദർശനം. തുടർന്ന് മഹാ പ്രദാസ ഊട്ട്. പകൽ 3.30 മുതൽ കാഴ്ചശ്രീബലി, ഏഴിന് വിശേഷാൽ ദീപാരാധന, രാത്രി എട്ടിന് കലാമണ്ഡലം ആതിര മാധുരിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പത് മുതൽ കോലാനി കവലയിലേയ്ക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരുമറയൂർ രാജേഷും കൂത്താട്ടുകുളം ഗിരീഷും സംഘവും അണിനിരക്കുന്ന സ്‌പെഷ്യൽ പാണ്ടിമേളം, നാദസ്വര കച്ചേരി, പറവയ്പ്പ്, ദീപക്കാഴ്ച എന്നിവയും ഉണ്ടാകും. 16ന് വൈകിട്ട് മണക്കാട് കുറുമ്പത്തൂർ മനക്കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത്. കുന്നത്ത് അമ്പലത്തിന് സമീപം സ്വീകരണവും പറവയ്പ്പും. തുടർന്ന് രാത്രി 11ന് കൊടിയിറക്കത്തോടെ ഈ വർഷത്തെ വിഷു ഉത്സവത്തിന് സമാപനമാകും. വാർത്താസമ്മേളനത്തിൽ ദേവസ്വം ഭരണസമിതി പ്രസിഡന്റ് എസ്. ഭാസ്‌കരൻനായർ, ദേവസ്വം ഭരണസമിതി സെക്രട്ടറി എ.എൻ. അരവിന്ദൻ, ഉത്സവകമ്മിറ്റി രക്ഷാധികാരി എൻ. രവീന്ദ്രൻ, ഉത്സവകമ്മിറ്റി കൺവീനർ സുധീഷ് പോത്തനാക്കുഴിയിൽ, കമ്മിറ്റി അംഗവും വാർഡ് കൗൺസിലറുമായ അജി ആർ. എന്നിവർ പങ്കെടുത്തു.