തൊടുപുഴ : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബാലവേല-ബാലഭിക്ഷാടന-കുട്ടിക്കടത്ത്-തെരുവു ബാല്യ വിമുക്തകേരളം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശരണബാല്യം. ഈ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക്‌ബോധവത്ക്കരണം നൽകുന്നതിനായി തൃക്കാക്കര ഭാരതമാതാകോളേജിലേയും പുതുപ്പാടി യെൽദോ മാർ ബസേലിയോസ്‌കോളേജിലേയുംസോഷ്യൽവർക്ക് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഇന്ന് വൈകിട്ട് 4.30 ന് തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വച്ചും തുടർന്ന് മങ്ങാട്ടുകവല ബസ് സ്റ്റാന്റിൽ വച്ചും ഒരു തെരുവുനാടകം സംഘടിപ്പിക്കും. സമകാലീന പ്രാധാന്യമുള്ള വിഷയം സമൂഹത്തിൽ ഉയർത്തി കാണിച്ച് കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതികരിക്കുവാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം.ജില്ലാതലത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടാസ്‌ക്‌ഫോഴ്സ് രൂപീകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബാലവേല, ബാലഭിക്ഷാടനം എന്നിവ കണ്ടെത്തുവാൻ പോലീസ്, തൊഴിൽ വകുപ്പുകളുടെ സഹകരണത്തോടെ സേർച്ച് ഡ്രൈവുകൾ നടത്തി വരുന്നു. ജില്ലയിൽ ഇവ സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്നതു വഴി ജില്ലയെ ബാലസൗഹൃദ ജില്ലയായി മാറ്റുക എന്ന ലക്ഷ്യവും ഇതിന്റെ ഭാഗമാണ്. കൂടാതെ തുടർച്ചയായി സ്‌ക്കൂളിൽ ഹാജരാകാത്ത കുട്ടികളെ കണ്ടെത്തി തിരികെ എത്തിക്കുവാനുള്ള നടപടികളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെനേതൃത്വത്തിൽ ശരണബാല്യം പദ്ധതി വഴി നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ ഒരു ബാലഭിക്ഷാടനവും വിഷമ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് കുട്ടികളെയും കണ്ടെത്തി ആകെ മൂന്ന് റസ്‌ക്യു പ്രവർത്തനങ്ങളാണ് നടത്തി വന്നിട്ടുള്ളത്. കുട്ടികളെ ഏതെങ്കിലും വിഷമ സാഹചര്യത്തിൽ കണ്ടെത്തിയാൽ 04862200108 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.