ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടിംഗ് യന്ത്രത്തിൽ സജീകരിക്കുന്നതിനും തപാൽവോട്ടിനുമുൾപ്പെടെയുള്ള ബാലറ്റ് പേപ്പറുകൾ അതത് എ.ആ.ർ.ഒമാർക്ക് കളക്ട്രേറ്റിൽ നിന്ന് വിതരണംചെയ്തു. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് 16, 17, 18 തീയതികളിൽ നടക്കും. ഇതിനായി ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയിലെ 32 എൻജിനിയർമാർ ഇന്ന് ജില്ലയിലെത്തും. ഇടുക്കി മണ്ഡലത്തിൽ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മുഴുവൻ ഉദ്യാഗസ്ഥർക്കുമുള്ള രണ്ട് ദിവസത്തെ രണ്ടാം ഘട്ട പരിശീലനവും ഇന്ന് സമാപിക്കും. ജില്ലയിലാകെ 4764 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 22ന് രാവിലെ എട്ട് മുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ വഴി പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. 23ന് വോട്ടെടുപ്പ് പൂർത്തിയായശേഷം പോളിംഗ് സാമഗ്രികൾ ഇതേകേന്ദ്രങ്ങളിൽ തന്നെ തിരികെ ഏറ്റുവാങ്ങി അന്നുതന്നെ വോട്ടെണ്ണൽ കേന്ദ്രമായ പൈനാവ് എം.ആർ.എസിൽ എത്തിച്ച് ജനറൽ ഒബ്സർവറുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂമിൽ സീൽചെയ്യും.
പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ
മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്‌കൂൾ, കോതമംഗലം എം.എ കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, ദേവികുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാർ, ഇടുക്കി എം.ആർ.എസ് പൈനാവ്, ഉടുമ്പൻചോല സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂൾ നെടുങ്കണ്ടം, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ കുട്ടിക്കാനം
71 പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിംഗ്
ലോക്സഭാ മണ്ഡലത്തിൽ ആകെ 1305 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ 60 പ്രശ്ന സാധ്യതാ ബൂത്തുകളും അഞ്ച് നിർണായക ബൂത്തുകളും ആറ് മാതൃകാ പോളിംഗ് ബൂത്തുകളുമുൾപ്പെടെ 71 പോളിംഗ് സ്റ്റേഷനുകളിൽ വെബ്‌കാസ്റ്റ് നടത്തും. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. അക്ഷയകേന്ദ്രത്തിനാണ് വെബ്‌കാസ്റ്റിംഗിന്റെ ചുമതല. കൂമ്പൻപാറ ഫാത്തിമാമാതാ ഗേൾസ് എച്ച്.എസ്.എസിൽ രണ്ടും, രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ്, പെരുമ്പിള്ളിച്ചിറ
അൽ- അസർ പബ്ലിക് സ്‌കൂൾ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മിനി കോൺഫറൻസ് ഹാൾ, മ്ലാമല ഫാത്തിമ ഹൈസ്‌കൂൾ എന്നിവയാണ് വെബ്‌കാസ്റ്റ് ചെയ്യുന്ന മാതൃകാ പോളിംഗ് സ്റ്റേഷനുകൾ. തൊടുപുഴ മുൻസിപ്പൽ യു.പി സ്‌കൂൾ വെങ്ങല്ലൂർ നോർത്ത്, മറയൂർ ഗവ. എൽ.പി സ്‌കൂൾ, ഉടുമ്പൻചോല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, 64-ാം ബൂത്ത് തൂക്കുപാലം അങ്കണവാടികെട്ടിടം, വണ്ടിപ്പെരിയാർ തേങ്ങാക്കൽ പഞ്ചായത്ത് അംഗൻവാടി എന്നിവയാണ് നിർണായക ബൂത്തുകൾ.
രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
ഇടുക്കി: വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിന്റെയും രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ജനറൽ ഒബ്സർവർ ഗരിമഗുപ്ത, പൊലീസ് ഒബ്സർവർ മാൻസിംഗ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇടുക്കി ഗസ്റ്റ്‌ഹൗസിലാണ് റാൻഡമൈസേഷൻ നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെ നമ്പറുകൾ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കൂട്ടികലർത്തി ഓരോ പോളിംഗ് ബൂത്തിലേയ്ക്കും നൽകേണ്ട വോട്ടിംഗ് യന്ത്രവും വിവി പാറ്റ് സംവിധാനവും നിശ്ചയിക്കുകയാണ് റാൻഡമൈസേഷനിലൂടെ ചെയ്യുന്നത്.
അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി
ഇടുക്കി: മണക്കാട്, പെരിയാമ്പ്ര, അരിക്കുഴ, ഇടവെട്ടി, മാർത്തോമ, കരിമണ്ണൂർ, ഇളംദേശം എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന 888 പോസ്റ്ററുകൾ, എട്ട് ഫ്ളക്സുകൾ, 18 കൊടികൾ സ്വകാര്യസ്ഥലത്ത് സ്ഥാപിച്ചിരുന്ന നാല് ഫ്ളക്സ് ബോർഡുകൾ, 20 പോസ്റ്ററുകൾ എന്നിവ നീക്കി. മുണ്ടക്കയം- തെക്കേമല റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ പതിച്ചിരുന്ന പോസ്റ്ററുകൾ, കുമളി അട്ടപ്പള്ളത്ത് മോഡേൺ ഫിഷ് മാർക്കറ്റ് ബിൽഡിംഗിൽ പതിച്ചിരുന്ന പോസ്റ്റർ എന്നിവ എം.സി.സി ആന്റ് ആന്റി ഡീഫേയ്സ്‌മെന്റ് അംഗങ്ങൾ നീക്കംചെയ്തു. കരിമണ്ണൂർ ഭാഗത്ത് പാർട്ടിചിഹ്നം റോഡിൽ വരച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റായ സിവിജിലിൽ രജിസ്റ്റർ ചെയ്ത പരാതിയെ തുടർന്ന് ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡുകളെത്തി നീക്കി.
ബാലറ്റ് പേപ്പർ വിതരണംചെയ്തു
ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എം ബാലറ്റ് പേപ്പറും പോസ്റ്റൽ തപാൽ ബാലറ്റ് പേപ്പറും വിതരണം ചെയ്തു. 33090 ഇ.വി.എം ബാലറ്റ് പേപ്പറുകളും 10050 തപാൽ ബാലറ്റ് പേപ്പറുകളുമാണ് വിതരണം ചെയ്തത്.
വോട്ടുവണ്ടി പീരുമേട് പര്യടനം നടത്തി
ഇടുക്കി: തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുവാൻ പ്രോത്സാഹിപ്പിക്കുക, വോട്ടിംഗ് യന്ത്രവും വിവിപാറ്റ് സംവിധാനവും ജനങ്ങളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ വോട്ട്‌വണ്ടി ഉപ്പുതറ, കണ്ണംപടി, വളകോട്, വാഗമൺ, കോലാഹലമേട് എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തി. ഉപ്പുതറ ടൗണിൽ ജോൺ കുമളിയും സംഘവും നാടൻ പാട്ട് ഗാനമേള അവതരിപ്പിച്ചു.