ഇടുക്കി: പൗരാണിക സ്മരണകൾ നിലനിർത്തിക്കൊണ്ടുതന്നെ നേര്യമംഗലത്ത് പുതിയ പാലം നിർമ്മിക്കുമെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. നേര്യമംഗലത്ത് വൻ ജനാവലി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോയ്സ് ജോർജ്. പതിറ്റാണ്ടുകൾ പഴക്കമുള്ള നേര്യമംഗലം പാലം ആധുനീക രീതിയിൽ പുനർനിർമ്മിക്കേണ്ടതുണ്ട്. തിരുവിതാംകൂറിന്റെ സ്മരണകൾ നിലനിർത്തുന്ന ഇപ്പോഴത്തെ പാലം നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പാലം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം മണ്ഡലത്തിലെ അഞ്ചാംഘട്ട പര്യടനവും പൂർത്തിയാക്കി. രാവിലെ നീണ്ടപാറയിൽ നിന്നായിരുന്നു തുടക്കം. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
ജോയ്സ് ഇന്ന് ഉടുമ്പൻചോലയിൽ
ജോയ്സ് ജോർജ് ഇന്ന് ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കും. രാവിലെ ഏഴിന് രാജാക്കാട് നിന്നാണ് തുടക്കം. രാജാക്കാട്, രാജകുമാരി, ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്തുകളിലാണ് പര്യടനം. രാത്രി എട്ടിന് നെടുങ്കണ്ടത്ത് വമ്പിച്ച സമാപന പൊതുസമ്മേളനം നടക്കും.