തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക വേദിയായ 'കനൽ ' കലാവേദിയുടെ നേതൃത്വത്തിൽ മാർച്ച് ആറ് മുതൽ 10 വരെ തീയതികളിലായി ജില്ലയിൽ പര്യടനം നടത്തിയ 'ഉത്തിഷ്ഠതാ ജാഗ്രതാ' കലാജാഥ അംഗങ്ങൾക്ക് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ സ്വീകരണം നൽകും. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം പ്രശസ്ത നാടൻ പാട്ട് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി ചെയർമാനുമായ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ടി.എം. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ സംസാരിക്കും.