മുട്ടം: മുട്ടം ടൗണിലെ ഗതാഗത പ്രശ്നം, മാലിന്യ പ്രശ്നം, പരപ്പാൻ തോട് വൃത്തിയാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ മുട്ടം മാർത്ത മറിയം പാരീഷ് ഹാളിൽ യോഗം ചേർന്നു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ്‌ജഡ്ജുമായ ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ യോഗത്തിൽ അവതരിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ - ഉദ്യോഗസ്ഥർ - ബഹുജനങ്ങൾ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മുട്ടം പരപ്പാൻ തോട് വൃത്തിയാക്കുന്നതിനും തോട്ടുങ്കരയിൽ പ്രദേശ വാസികളുടെ യോഗം ചേരുന്നതിനും കർമ്മ പദ്ധതി തയ്യാറാക്കുന്നതിനും ശുചിത്വ മിഷനെയും ഹരിത കേരള മിഷനെയും ചുമതലപ്പെടുത്തി. ഗതാഗത പ്രശ്നം പരിഹരിക്കാൻ മുട്ടം പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി അടിയന്തരമായി ചേരുന്നതിനും വാഹന പാർക്കിംഗിന് ടാക്സി സ്റ്റാൻഡിൽ പേ ആൻഡ് പാർക്ക് സൗകര്യം ഏർപ്പാടാക്കുന്നതിനും മാത്തപ്പാറ ബൈപാസ് റോഡ് പ്രാബല്യത്തിലാക്കാനും തീരുമാനിച്ചു. മാലിന്യ നീക്കത്തിന് ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനമായി. ഇതിന് ഹരിത കർമ്മ സേനയുടെയും ജനപ്രതിനിധികളുടെയും ജില്ലാ ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും യോഗം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ചേരാനും തീരുമാനിച്ചു. ജനപ്രതിനിധികൾ,വിവിധ വകുപ്പുകളുടെ ജില്ലാ - താലൂക്ക് തല ഉദ്യോഗസ്ഥർ, ട്രാക്ക്, മർച്ചന്റ് അസോസിയേഷൻ, ഐ.എം.എ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ, ഓട്ടോ, ടാക്സി സംഘടന നേതാക്കൾ, സാംസ്കാരിക സംഘടന പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.