വണ്ടിപ്പെരിയാർ: മേലെഗൂഡല്ലൂർ നിവാസികളുടെ കുടിവെള്ള വിതരണം നിലച്ചിട്ട് 15നാൾ പിന്നിടുന്നു. പ്രദേശത്തെ 600 കുടുംബാംഗങ്ങളാണ് കുടിവെള്ളത്തിനായി കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുന്നത്. വണ്ടിപ്പെരിയാർ ടൗണുമായി ബന്ധപ്പെട്ടുകിടക്കുന്ന കക്കികവല, നെല്ലിമല വരെയുള്ള ഭാഗത്ത് ജലവിഭവ വകുപ്പാണ് കുടിവെള്ളം എത്തിച്ചു നൽകുന്നത്. പെരിയാർ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ജല വിഭവ വകുപ്പ് വെള്ളത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന പെരിയാർ നദിയുടെ മഞ്ചുമല കയത്തിലെ വെള്ളവും വറ്റിവരണ്ട് ഇല്ലാതായി. ഇതോടെ ടൗണിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ആളുകൾ വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പതിനേഴാം വാർഡിലുള്ള ആനക്കയം ഭാഗത്ത് നിന്നുമാണ് വാട്ടർ അതോറിറ്റി ടാങ്കിലേക്ക് വെള്ളം എത്തിക്കേണ്ടത്. എന്നാൽ ഇവിടുത്തെ ഉപഭോക്തൃ സമിതി അംഗങ്ങൾ വൈദ്യുതി ബില്ല് അടക്കാത്തതിനാൽ കഴിഞ്ഞ നാല് മാസമായി പ്രവർത്തിച്ചു വരുന്ന പമ്പ് ഹൗസിൽ വൈദ്യുതിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബിൽ അടയ്ക്കാത്തതിനാൽ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഏതാണ്ട് ഒന്നര ലക്ഷം രൂപയാണ് പമ്പ് ഹൗസിലെ വൈദ്യുതി ബില്ല് ഇനത്തിൽ മാത്രം കെ.എസ്.ഇ.ബിയിൽ അടയ്‌ക്കേണ്ടത്. ഇതിനെ തുടർന്നാണ് ജലവിഭവ വകുപ്പ് വണ്ടിപ്പെരിയാർ ടൗണിൽ കുടിവെള്ള വിതരണം നടത്താതിരിക്കുന്നത്. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിലും വാട്ടർ അതോറിട്ടിയിലും ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചു ടൗണിലും പരിസരത്തും കുടിവെള്ളം എത്തിക്കാത്തപക്ഷം റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് വണ്ടിപ്പെരിയാർ നിവാസികൾ പറയുന്നത്.