മറയൂർ: മറയൂർ അമ്പലപ്പാറ ചന്ദനക്കേസിൽ രണ്ട് പേർ കൂടി കീഴടങ്ങി. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി ആറുമുഖ സ്വാമി (34), പെരടിപള്ളം സ്വദേശി വീരമ്മാൾ (50) എന്നിവരാണ് മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ. നര്യംപറമ്പലിന് മുമ്പിൽ ഇന്നലെ രാവിലെ കീഴടങ്ങിയത്. കേസിൽ ഇതോടെ പത്തു പേർ പിടിയിലായി. മലപ്പുറം മോങ്ങത്ത് നിന്ന് ആറുമുഖ സ്വാമിയുടെയും ഭാര്യ എം. സെലീനയുടെയും പേരിലുള്ള മറയൂർ എസ്.ബി.ഐ അക്കൗണ്ടുകളിലേക്ക് 36,500 രൂപ രണ്ടു തവണയായി വന്നിരുന്നു. വീരമ്മാളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തിലധികം രൂപയും എത്തിയെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ രൂപ ചന്ദനക്കടത്തിന് കൂട്ടുനിന്നതിന് പ്രതിഫലമായി ലഭിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആറുമുഖ സ്വാമിയെയും വീരമ്മയെയും അറസ്റ്റു ചെയ്തത്. വീരമ്മയ്ക്ക് ജാമ്യം ലഭിച്ചു. ആറുമുഖ സ്വാമിയുടെ ഭാര്യ സെലിന ഒളിവിലാണ്. ആറുമുഖ സ്വാമി കോവിൽക്കടവ് തെങ്കാശിനാഥൻ കല്യാണമണ്ഡപത്തിന് സമീപമുള്ള റോഡിൽ നിന്ന് നിരവധി തവണ ചന്ദനം കാറിൽ കയറ്റിവിട്ടിട്ടുണ്ടെന്ന് മൊഴി ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2000 മുതൽ 3000 രൂപ വരെ കൂലിയായി ലഭിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ നിരവധി പേരുടെ അക്കൗണ്ട് ഉപയോഗിച്ച് പണം കൈപ്പറ്റിയതായി ഉദ്യോഗസ്ഥർ പറയുന്നു.
തുടക്കം കഴിഞ്ഞ മാസം
2019 മാർച്ച് 11ന് അടിമാലിക്കടുത്ത് വാളറയിൽ വാഹന പരിശോധനയ്ക്കിടയിൽ ആഡംബര കാറിലെ രഹസ്യ അറയിൽ 60 കിലോ ചന്ദനം കണ്ടെടുത്തിരുന്നു. മലപ്പുറം സ്വദേശി സെയ്ഫുദ്ദീൻ, കാസർഗോഡ് സ്വദേശി മധുസൂദനൻ എന്നിവരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് മൊബൈൽ ഫോണുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ ചന്ദനലോബിയിലെ അംഗങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു.
പിന്നിൽ മലപ്പുറം ലോബി
മലപ്പുറം മോങ്ങത്ത് കുഞ്ഞിപ്പു എന്നു വിളിക്കുന്ന ഷൊഹൈബ് എന്നയാളുടെ നേതൃത്വത്തിലാണ് മറയൂരിൽ നിന്ന് ചന്ദനം കടത്തി വരുന്നതെന്ന് കണ്ടെത്തി. ഇവർക്ക് മറയൂരിൽ ചന്ദനം നൽകി വരുന്നവരിൽ പ്രധാനിയായ കാന്തല്ലൂർ പെരടി പള്ളം സ്വദേശി ബാലകൃഷ്ണൻ, ഭാര്യ നാഗറാണി, വിജയകുമാർ, മുത്തു, ശിവശങ്കരി, സോളമൻ. ജെ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ മോങ്ങത്ത് നിന്ന് ലക്ഷങ്ങൾ അയച്ചിരുന്നു. മോങ്ങത്ത് സ്വദേശി അൻവർ എന്നയാളാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുന്നത്.
മുഖ്യപ്രതികൾ ഒളിവിൽ
കുഞ്ഞിപ്പുവും അൻവറും ഒളിവിലാണ്. ഇനിയും നിരവധിയാളുകൾ ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ളതായി അറിയുന്നു. മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നര്യാംപറമ്പിൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ പി.എസ്. സജീവ്, എ. നിസാം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നു. ആറുമുഖ സ്വാമിയെ കോവിൽക്കടവിൽ എത്തിച്ച് തെളിവെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കി.