പീരുമേട്: തോട്ടം മേഖലയിൽ ദേശസാത്കൃത ബാങ്ക് വഴി മുടങ്ങി കിടന്ന സാമൂഹ്യക്ഷേമ പെൻഷനുകൾ കിട്ടി തുടങ്ങി. കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങികിടക്കുകയായിരുന്നു. ഉപജീവനത്തിനും മരുന്നിനും മറ്റും ചിലവഴിച്ചിരുന്ന തുക കിട്ടാതെ വന്നതോടെ പരാതികളും ഏറിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ തുക അക്കൗണ്ടിൽ എത്തിയതായി മെസേജ് എത്തിയതോടെ ഗുണഭോക്താക്കൾ സന്തോഷത്തിലാണ്. സഹകരണ ബാങ്കുകൾ വഴിയും പോസ്റ്റ്ഓഫീസ് വഴിയും ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുകയും ദേശസാത്കൃത ബാങ്കുകൾ വഴിയുള്ള വിതരണം മുടങ്ങുകയും ചെയ്തതാണ് പരാതികൾക്ക് ഇടയാക്കിയത്. 5,600 രൂപയാണ് നാല് മാസം കൂടുമ്പോൾ പെൻഷനായി ലഭിക്കുന്നത്. അഞ്ചു മാസമായി തുക കിട്ടാതെ വന്നതോടെ ഗുണഭോക്താക്കൾ ബുദ്ധിമുട്ടിലായിരുന്നു. സാമൂഹ്യക്ഷേമ പെൻഷൻ തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കുന്നതിന് കിട്ടിയ ഫോറം പൂരിപ്പിക്കുന്നതിൽ പിഴവ് സംഭവച്ചതാണ് പെൻഷൻ കൂട്ടത്തോടെ മുടങ്ങാൻ കാരണമായത്.