ambulance
ambualance at police statoin

കുമളി: നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനായി തലങ്ങും വിലങ്ങും ഓടേണ്ട ആംബുലൻസ് മാസങ്ങളായി പൊലീസ് കസ്റ്റഡിയിൽ വെയിലും മഴയുമേറ്ര് 'രോഗിയായി" കഴിയുന്നു. ചെറിയ നമ്പർ വ്യത്യാസം കാരണമാണ് കുമളി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വേണ്ടി വാങ്ങിയ ആംബുലൻസ് ലോക്കപ്പിലാകാൻ കാരണം. ആരോഗ്യകേന്ദ്രത്തിനൊരു ആംബുലൻസ് ലഭിച്ചപ്പോൾ ആദിവാസികളടക്കമുള്ള പഞ്ചായത്തിലെ ജനവിഭാഗത്തിന് അത് വലിയൊരു ഉപകാരമാവുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഓടിക്കാൻ ഡ്രൈവറെ കിട്ടാതെ ആംബുലൻസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വരാന്തയിൽ മാസങ്ങളോളം സുഖചികിത്സയിലായിരുന്നു. ഇതിനിടെ ടാക്സും ഇൻഷുറൻസും മുടങ്ങി. എന്നാൽ പഞ്ചായത്തിൽ ഭരണം മാറിയതോടെ ആംബുലൻസ് എങ്ങനെയും നിരത്തിലിറക്കാൻ തന്നെ തീരുമാനിച്ചു. തുടർന്ന് ടാക്സും ഇൻഷുറൻസും കുടിശിഖ തീർത്ത് പീരുമേട് മോട്ടോർ വകുപ്പിൽ വാഹനം പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് അത് കണ്ടുപിടിക്കുന്നത്. വാഹനത്തിന്റെ എൻജിനിലും ചേയ്സിലുമുള്ള നമ്പറുകൾ വ്യത്യസ്തമാണ്. വിഷയം പ്രതിപക്ഷം അറിഞ്ഞതോടെ പിക്കറ്റിംഗും സമരവും മുറയ്ക്ക് നടന്നു. വിദഗ്ദ്ധ പരിശോധനയിൽ ക്രമക്കേട് നടന്നെന്ന് റിപ്പോർട്ടും വന്നു. കമ്പനിക്ക് ഉണ്ടായ പിശാകാണോ പഞ്ചായത്തിലെ ജീവനക്കാരുടെ ഇടപെടലുണ്ടോ, ​ഭരണസമിതിയിലുള്ളവർ ആരെങ്കിലും മോഷ്ടിച്ച എൻജിൻ ഘടിപ്പിച്ചതാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനായി പൊലീസ് ആംബുലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ അന്വേഷണത്തിന് ആംബുലൻസിന്റെ പകുതിപോലും വേഗതയില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ ബഹളം ഉണ്ടാക്കിയവരടക്കം എല്ലാവരും ആംബുലൻസിന്റെ കാര്യം മറന്നു. ഇപ്പോൾ വെയിലും മഴയുമേറ്റ് നശിക്കുമ്പോഴും എന്നെങ്കിലും 'ജാമ്യം കിട്ടുമെന്ന" പ്രതീക്ഷയിലാണ് ഈ പാവം ആംബുലൻസ്.