ഇടുക്കി: എട്ടു സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകളുടെ അവലോകനം നിരീക്ഷകൻ ഡി.വി സിംഗിന്റെ നേതൃത്വത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ നടത്തി. ഇലക്ഷൻ നോഡൽ ഓഫീസർ അജി ഫ്രാൻസിസ്, ഏഴു മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഓഫീസർമാർ, സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ക്ലർക്ക് അറസ്റ്റിൽ

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടും ഹാജരാകുന്നതിന് വിമുഖത കാണിച്ച ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ ക്ലർക്കായ സുശീലനെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാകളക്ടർ എച്ച്. ദിനേശന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകുന്നതിന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. തുടർന്ന് കളക്ടർ മുമ്പാകെ ഹാജരാക്കിയെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ സുശക്തം

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിന് സുശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരു അഡീഷണൽ എസ്.പി, ഒമ്പത് ഡി.വൈ.എസ്.പിമാർ, 35 ഇൻസ്‌പെക്ടർമാർ, 116 സബ് ഇൻസ്‌പെക്ടർമാർ, 42 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ, 1485 സി.പി.ഒ/ എസ്.സി.പി.ഒമാർ, 384 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ എന്നിങ്ങനെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. ജില്ലയെ ആറ് പൊലീസ് സബ്ഡിവിഷനുകളായി തരംതിരിച്ച് ആറ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ജില്ലയിലാകെ 62 ഗ്രൂപ്പ് പട്രോളും 60 ക്രമസമാധാന (ലോ ആന്റ് ഓർഡർ) പട്രോളും മറ്റ് സുരക്ഷാ ക്രമീകരണങ്ങൾക്കുമൊപ്പം പ്രവർത്തിക്കും. കൂടാതെ എല്ലാ ഡി.വൈ.എസ്.പിമാർക്ക് കീഴിലും സ്‌പെഷ്യൽ സ്‌ട്രൈക്കിംഗ് ഫോഴ്സും, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 72 അംഗങ്ങൾ അടങ്ങിയ സ്‌പെഷ്യൽ സ്‌ട്രൈക്കിംഗ് ഫോഴ്സും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ വോട്ടെണ്ണൽ കേന്ദ്രത്തിനു സുരക്ഷയൊരുക്കാൻ രണ്ട് കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ അറിയിച്ചു.

അനധികൃത പോസ്റ്ററുകൾ നീക്കി

ഇടുക്കി: ആലക്കോട്, ചിലവ്, കരിമണ്ണൂർ, നെയ്യശ്ശേരി, കലയന്താനി, തൊടുപുഴ, വെങ്ങല്ലൂർ, വെള്ളിയാമറ്റം, ഇളംദേശം എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 249 പോസ്റ്ററുകൾ, മൂന്ന് ഫ്ളക്സുകൾ, മൂന്ന് കൊടികൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 15 ഫ്ളക്സ്‌ബോർഡുകൾ എന്നിവ നീക്കി. തൊടുപുഴ, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ പോസ്റ്റർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റായ സിവിജിലിൽ രജിസ്റ്റർ ചെയ്ത പരാതി ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡുകൾ നീക്കി.