ഇടുക്കി: രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വെന്തുരുകുന്ന ജനത്തിന് മേൽ ഇടിത്തീയായി ഇന്നും നാളെയും താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരും. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്ന് ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് താപ സൂചിക കാണിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനങ്ങൾ പ്രകാരം താപനില ഉയരാൻ സാദ്ധ്യതയുള്ള ഒമ്പത് ജില്ലകളിൽ നിർഭാഗ്യവശാൽ ഇടുക്കിയുമുണ്ട്. അതിനാൽ വരുന്ന രണ്ട് ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു. ജില്ലയുടെ പലപ്രദേശങ്ങളിലും നിരവധി പേർക്ക് സൂര്യാഘാതമേൽക്കുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശം ഗൗരവമേറിയതാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, പൊലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, വഴിയോര കച്ചവടക്കാർ,​ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അധികൃതർ ഏർപ്പാടാക്കണം. തൊഴിൽ സമയം പുനഃക്രമീകരിച്ച ലേബർ കമ്മീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ പാലിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത തരത്തിൽ സമയക്രമീകരണം നടത്തണമെന്നും ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

 രാവിലെ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക

 നിർജലീകരണം തടയാൻ കുപ്പിവെള്ളം കരുതണം

 ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നിവ പകൽ ഒഴിവാക്കുക

 അയഞ്ഞ ഇളം നിറത്തിലുള്ല പരുത്തി വസ്ത്രങ്ങൾ ധരിക്കുക

 കുട്ടികളെ വെയിലത്ത് കളിക്കാൻ വിടാതിരിക്കുക

 മാദ്ധ്യമപ്രവർത്തകരും പൊലീസുകാരും പകൽ കുടകൾ ഉപയോഗിക്കണം

 സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിൽ അവധിക്കാല ക്ലാസ് ഒഴിവാക്കുക

 കളിസ്ഥലങ്ങളിൽ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തണം