ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ രണ്ട് ദിവസത്തെ ഇടുക്കി പാർലമെന്റ് മണ്ഡല പര്യടനത്തിന് തുടക്കമായി. രാവിലെ വാത്തികുടി പഞ്ചായത്തിലെ മേലെചിന്നാറിൽ നിന്ന് ആരംഭിച്ച പ്രചരണ യാത്രയ്ക്ക് മുനിയറ, പാറത്തോട്, കമ്പിളികണ്ടം, ചിന്നാർ, കല്ലാർകുട്ടി, വെണ്മണി, കഞ്ഞിക്കുഴി, ചുരുളി, തടിയമ്പാട്, പൈനാവ് എന്നിവിടങ്ങളിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിജു സി.എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം മണ്ഡലം പ്രസിഡന്റ് വി.എസ് രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. അടുത്തകാലത്ത് കർഷക ആത്മഹത്യകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന മണ്ഡലമാണ് ഇടുക്കിയെന്ന് സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ച ബിജു കൃഷ്ണൻ റഞ്ഞു. പ്രളയത്തിൽ വീടും കൃഷിഭൂമിയും നഷ്ടപ്പെട്ട അനേകം കർഷകരാണ് ഇവിടെയുള്ളത്. എന്നാൽ അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാതെ കടക്കെണിയിൽ അകപ്പെട്ടതോടെ കർഷക ആത്മഹത്യകൾ ഇവിടെ സ്ഥിരം കാഴ്ചയായി മാറി. ഇവർക്കെതിരെ മുഖംതിരിച്ച സർക്കാരിനോടുള്ള പ്രതിഷേധസൂചകമായിട്ടായിരിക്കും ഇത്തവണ ഇവിടത്തെ ജനങ്ങൾ തിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വോട്ടർമാരുമായി സംസാരിക്കുകയും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ നേരിൽകണ്ട് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. ബി.ജെ.പി മണ്ഡലം ജന:സെക്രട്ടറി ജോയി കൊട്ടാരം, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് മനീഷ്, മണ്ഡലം സെക്രട്ടറി പി.ആർ ബിനു, ജില്ലാ കമ്മിറ്റി അംഗം ടി.എം. സുരേഷ്, രഘുനാഥ് കണ്ണാറ, പ്രകാശ് മിന്നാരം എന്നിവർ പങ്കെടുത്തു.