ഇടുക്കി: ജനക്കൂട്ടത്തിന്റെ അഭിവാദ്യങ്ങൾ സ്വീകരിച്ച് വിജയാരവം മുഴക്കി ജോയ്സ് ഉടുമ്പൻചോലയും പൂർത്തിയാക്കി മുന്നോട്ട്. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഉടുമ്പൻചോലയിൽ വൻ സ്വീകരണമാണ് ഇത്തവണയും ലഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായാണ് ഉടുമ്പൻചോലയിലെ പര്യടനം പൂർത്തിയാക്കിയത്. 7000 സ്ത്രീകൾ പങ്കെടുത്ത വനിതാ പാർലമെന്റോടുകൂടിയായിരുന്നു പ്രചരണ പരിപാടികൾക്ക് തുടക്കമായത്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ സ്വന്തം തട്ടകത്തിൽ കാൽ ലക്ഷത്തിൽ അധികം വോട്ടുകളാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം ലഭിച്ചത്. അതിനെ മറികടന്ന് മുന്നേറാനുള്ള പ്രവർത്തനത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കിയും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉടുമ്പൻചോലയിലും പര്യടനം പൂർത്തിയാക്കുന്നത്. തോട്ടം തൊഴിലാളികളും കർഷകരും തിങ്ങിപ്പാർക്കുന്ന കാരിത്തോട്ടിലായിരുന്നു വെള്ളിയാഴ്ചത്തെ തുടക്കം. തുടർന്ന് രാജാക്കാട്, രാജകുമാരി, സേനാപതി, ഇരട്ടയാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. സമാപന കേന്ദ്രമായ നെടുങ്കണ്ടത്ത് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റോഡ് ഷോ അക്ഷരാർത്ഥത്തിൽ പ്രവർത്തകരെയും ജനങ്ങളെയും ആവേശഭരിതരാക്കി. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ശിവരാമൻ, പി.എൻ. വിജയൻ, വി.എൻ. മോഹനൻ, സി.യു. ജോയി, വി.എ. കുഞ്ഞുമോൻ, വി.എം. ഗോപിനാഥൻ, അഡ്വ. ജി. ഗോപകൃഷ്ണൻ, വി.ആർ. സജി, വി.ആർ. ശശി, എം.എൻ. ഹരിക്കുട്ടൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ജോയ്സ് ജോർജ് ഇന്ന് തൊടുപുഴയിൽ
ജോയ്സ് ജോർജ് ഇന്ന് തൊടുപുഴയിൽ പര്യടനം നടത്തും. രാവിലെ ഏഴിന് പുറപ്പുഴയിൽ നിന്നാണ് തുടക്കം. പുറപ്പുഴ, മണക്കാട്, കുമാരമംഗലം, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ഏഴിന് കുമ്മങ്കല്ലിൽ സമാപിക്കും.