തൊടുപഴ: ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സി.പി.എമ്മിന് മാത്രമേ കഴിയൂവെന്ന അവകാശവാദം അബദ്ധപഞ്ചാംഗമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ അഡ്വ. അലക്സ് കോഴിമലയും പറഞ്ഞു. ലോക്സഭയിലെ ആകെയുള്ള 543 സീറ്റുകളിൽ 61 സീറ്റുകളിൽ മാത്രമാണ് സി.പി.എം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സി.പി.എം മത്സരിക്കുന്ന സീറ്റുകളിൽ മഹാഭൂരിപക്ഷവും പശ്ചിമബംഗാൾ, ത്രിപുര, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. പശ്ചിമബംഗാളിൽ നിലവിൽ സി.പി.എമ്മിന് ഉള്ളത് രണ്ടേ രണ്ട് എം.പിമാരാണ്. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ആ രണ്ട് സീറ്റുകൾ പോലും നിലനിറുത്താൻ സി.പി.എമ്മിന് കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിൽ സി.പി.എം സ്ഥാനാർത്ഥികൾ നോട്ടക്കും പിന്നിലാകുമെന്നത് ഉറപ്പാണ്. കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും എന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് മാത്രമാണ്. അന്ധമായ കോൺഗ്രസ് വിരോധത്താൽ ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് സി.പി.എം എന്നും കൈക്കൊണ്ടിട്ടുള്ളത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയെ സഹായിക്കുന്ന സി.പി.എമ്മിന്റെ അടവുനയം പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.