രാജാക്കാട്: തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡിന്റെ വാഹന പരിശോധനയിൽ രേഖകളില്ലാതെ എത്തിച്ച അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു. ഉടുമ്പൻചോല രണ്ടാം നമ്പർ ഫ്ളയിംഗ് സ്‌ക്വാഡ് ലീഡർ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി പി.വി. ബിജു, സിവിൽ പൊലീസ് ഓഫീസർ പി.ആർ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം ചേമ്പളത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. തുക നെടുങ്കണ്ടം സബ് ട്രഷറിയിൽ എത്തിച്ച് സീൽ ചെയ്തു. നെടുങ്കണ്ടം പാറത്തോട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കാറിനുള്ളിൽ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. ഇതുവരെ നെടുങ്കണ്ടം മേഖലയിൽ നിന്ന് 6,05,​000 രൂപ പിടിച്ചെടുത്തു.