elephant
ഗിരീഷിനെ കാട്ടാന ആക്രമിക്കുന്നു

മറയൂർ: ഗിരീഷിന് ഇപ്പോഴും അത് വിശ്വസിക്കാനാവുന്നില്ല. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷം. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ബൈക്ക് യാത്രികനായ യുവാവിന്റെ മുഖത്ത് ഇപ്പോഴും ഭയം നിഴലിക്കുന്നു. മറയൂർ പഞ്ചായത്തിൽ കോട്ടക്കുളം കൈലാസത്തിൽ ശിവദാസിന്റെ മകൻ ഗിരീഷാണ് (24) ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിന് കാന്തല്ലൂരിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് സംഭവം. മറയൂർ- കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് റോഡ് കുറുകെ കടക്കുമ്പോഴാണ് ഗിരീഷ് ആനക്കൂട്ടത്തിന് മുമ്പിൽപ്പെട്ടത്. അപ്രതീക്ഷിതമായി പെട്ടെന്ന് ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇത് കണ്ട് സമീപത്തെ ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന ടിന്റോ ശബ്ദമുണ്ടാക്കിയെങ്കിലും ബൈക്ക് ന്യൂട്ടറിലായതിനാൽ ബൈക്കിന്റെ വേഗത കൂട്ടാൻ ഗിരീഷിന് കഴിഞ്ഞില്ല. ആനകളെ കടന്നു വന്ന ബൈക്കിന് പിന്നാലെ കൂട്ടത്തിലെ ഒരാന പിന്തുടർന്നു തുമ്പികൈ കൊണ്ട് അടിച്ചെങ്കിലും ഒരു ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് ഗിരീഷ് രക്ഷപ്പെടുകയായിരുന്നു. മുമ്പും നിരവധി തവണ ഇവിടെ വാഹനങ്ങളിൽ എത്തുന്നവർക്ക് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. പകൽ കാരയൂർ ചന്ദന റിസർവിൽ കഴിയുന്ന കാട്ടാനക്കൂട്ടം രാത്രി കീഴാന്തൂർ, കാന്തല്ലൂർ ശീതകാല പച്ചക്കറി തോട്ടങ്ങളിൽ എത്തി നാശം വിതയ്ക്കുന്നതാണ് പതിവ്. പുലർച്ചെ തിരികെ മടങ്ങും വഴിയാണ് മറയൂർ- കാന്തല്ലൂർ റോഡ് കുറുകെ കടക്കുന്നത്. ഇരുപതിലധികം ആനകളാണ് ഇവിടെ മാസങ്ങളായി തമ്പടിച്ചിരിക്കുന്നത്.