road
പൊട്ടിപ്പൊളിഞ്ഞ കള്ളിമാലി - ചെരുപുറം റോഡ്‌

രാജാക്കാട്: കള്ളിമാലി- ചെരുപുറം റോഡിലെ ടാറിംഗ് പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. പ്രളയകാലത്ത് പ്രദേശത്തെ മറ്റ് റോഡുകളെല്ലാം മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും അടഞ്ഞപ്പോൾ രക്ഷാ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുണയായിരുന്ന പാതയാണിത്. ചെരുപുറം ഭാഗങ്ങളിലുള്ളവർക്ക് റേഷൻകട, അംഗൻവാടി, പ്രാഥമികരോഗ്യ കേന്ദ്രം, ക്ഷേത്രം തുടങ്ങി കള്ളിമാലിയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളിലേക്കും കള്ളിമാലി പ്രദേശത്തുള്ളവർക്ക് രാജാക്കാട് ടൗൺ, പഴയവിടുതി എന്നിവിടങ്ങളിലെ സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും കുറഞ്ഞ ദൂരത്തിൽ പോകാവുന്ന റോഡാണിത്. ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റിലേക്കുള്ള എളുപ്പ മാർഗവുമാണിത്. ഒരു കിലോമീറ്ററോളം നീളം വരുന്ന റോഡ് വർഷങ്ങൾക്ക് മുമ്പാണ് ടാർ ചെയ്തത്. ചെരുപുറം ജംഗ്ഷൻ മുതലുള്ള 200 മീറ്ററോളം ദൂരം വെള്ളം കുത്തിയൊഴുകി ഒരടിയിലധികം ആഴമുള്ള കുഴികളായി മാറി. അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ ഈ ഭാഗത്ത് കാൽനട പോലും ദുസഹമാണ്. നാട്ടുകാർ ഈ കുഴികളിൽ കല്ലും മക്കും മണ്ണും ഇട്ടെങ്കിലും അവയെല്ലാം ഇളകി മാറി വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി ഇരുചക്ര വാഹനങ്ങൾ ഇതിനോടകം ഇവിടെ അപകടത്തിൽപ്പെട്ടു. അടിവശം ഇടിയ്ക്കുമെന്നതിനാൽ കാറുകൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഇതുവഴി പോകാറില്ല. എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൽകെട്ട് ഇളകിയിട്ട് വർഷങ്ങൾ

പാടത്തിന്റെ നടുവിലൂടെ കടന്നു പോകുന്ന ഭാഗത്തെ റോഡിന്റെ കൽകെട്ട് ഇളകിയിട്ട് വർഷങ്ങളായി. ഇതിനോടനുബന്ധിച്ചുള്ള കലുങ്കിന്റെ കെട്ടും പാർശ്വഭിത്തികളും ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ്. അപ്റോച്ചിന്റെ ഇരു വശങ്ങളും വെള്ളം ഒഴുകിയിറങ്ങി വൻ കുഴികളായി മാറിയിട്ട് രണ്ട് വർഷത്തിൽ അധികമായി. ഇടുങ്ങിയ ഈ ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് ഒതുങ്ങി നിൽക്കുന്നതിനുള്ള വീതി പോലും ഇല്ല.