gawdam
ഗൗതം

രാജാക്കാട്: മോഷ്ടിച്ച ബൈക്കുമായി സ്വദേശത്തേയ്ക്ക് കടക്കുന്നതിനിടെ തമിഴ് യുവാവ് പിടിയിൽ. ബോഡിനായ്ക്കന്നൂർ ഊരാണിക്കുളം തേരടി തെരുവിൽ ഗൗതമാണ് (19) നാട്ടുകാരുടെ സഹായത്തോടെ നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: കഴിഞ്ഞ ദിവസം യുവാവ് ബോഡിനായ്ക്കന്നൂരിൽ നിന്ന് ബോഡിമെട്ട് ചെക്‌പോസ്റ്റിലൂടെ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വക ബസിൽ നെടുങ്കണ്ടത്ത് എത്തി. ടൗണിൽ കറങ്ങി നടക്കുന്നതിനിടെ നെടുങ്കണ്ടം കിഴക്കേകവലയ്ക്കു സമീപം പാർക്ക് ചെയ്തിരുന്ന മൈനർസിറ്റി സ്വദേശി ഷിഹാബിന്റെ ബൈക്ക് മോഷ്ടിച്ചു. ബൈക്കുമായി കോമ്പയാർ ഭാഗത്ത് കൂടി ചെക്പോസ്റ്റ് കടക്കാൻ ശ്രമിച്ചു. വഴി നിശ്ചയമില്ലാതിരുന്നതിനാൽ നാട്ടുകാരോട് ബോഡിമെട്ടിലേക്കുള്ള വഴി ചോദിച്ചു. ബൈക്ക് ഒഫ് ചെയ്യാതെ വഴി ചോദിച്ചതും ബൈക്കിന്റെ നമ്പർ പ്ലേറ്റ് മടക്കി വെച്ചതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് എത്തി ഇയാളെ ബൈക്ക് സഹിതം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരമറിയുന്നത്. സി.ഐ റെജി എം. കുന്നിപ്പറമ്പൻ, എസ്.ഐ സിബി റെജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ് വർഗീസ്, എ.എസ്. വിഷ്ണു, ഡി. സതീഷ്, എസ്. നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.