മൂവാറ്റുപുഴ: മൂവാറ്റുപുഴയെ ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം.പാലക്കുഴ, ആരക്കുഴ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർത്ഥി ഇന്നലെ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കിയത്. വാദ്യമേളങ്ങളും പ്ലക്കാർഡുകളുമായി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി. രാവിലെ മാറികയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, കെ.എം സലിം, കെ.എം. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. ഷാഫി പറമ്പിൽ എം.എൽ.എയും പര്യടനത്തിൽ പങ്കു ചേർന്നിരുന്നു. സ്ഥാനാർത്ഥിയുടെ ജന്മനാടായ പൈങ്ങോട്ടൂർ കുളപ്പുറത്ത് ഇന്നലത്തെ പര്യടനം സമാപിച്ചു.
ആവേശത്തിരയിളക്കി കെ.എസ്.യു റോഡ് ഷോ
തൊടുപുഴ: ആവേശ തിരയിളക്കി. ഡീൻ കുര്യക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ. എസ്.യു സംഘടിപ്പിച്ച റോഡ് ഷോ. ഉച്ചകഴിഞ്ഞ് കോതമംഗലത്തു നിന്നാണ് നൂറുകണക്കിന് പ്രവർത്തകർ അണി നിരന്ന ബൈക്ക് റാലി ആരംഭിക്കുന്നത്. എൻ.എസ്.യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്, ദേശിയ ജനറൽ സെക്രട്ടറി നാഗേഷ് കരിയപ്പ, സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ , അബിൻ വർക്കി കോടിയാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോബി ചെമ്മല, സെക്രട്ടറിമാരായ മാത്യു. കെ. ജോൺ, സി.എം മുനീർ, എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷി സേവ്യർ, ടോണി തോമസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. റോഡ് ഷോ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആയവനയിൽ എത്തിയപ്പോൾ ഡീനും പങ്കാളിയായി. റാലി തൊടുപുഴയിലെത്തി സമാപിച്ചു.