അടിമാലി: നിർമ്മാണത്തിലിരുന്ന വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് മണ്ണിനടിയിൽപ്പെട്ട യുവതൊഴിലാളിയെ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. മാങ്കുളംവിരിഞ്ഞ പാറ കൊച്ചുപറമ്പിൽ റോണി മാത്യുവാണ് (38) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ പത്ത് മണയോടെ ആനവിരട്ടി ഗവ. എൽ.പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. പ്രളയകെടുതിയിൽ തകർന്ന ആനവിരട്ടി മഠത്തുംപറമ്പൻ ബിജു പൗലോസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി പുനർനിർമിക്കുന്നതിനിടെ 15 അടി ഉയരത്തിൽ നിന്ന് കട്ടിംഗ് സൈഡ് ഇടിഞ്ഞു കല്ലും മണ്ണും റോണിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഓടിമാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശരീരത്തിന്റെ പകുതിയോളം ഭാഗം മണ്ണിൽപൊതിഞ്ഞു. കല്ലും മണ്ണും നീക്കി റോണിയെ രക്ഷിക്കാൻ മറ്റ് തൊഴിലാളികളും നാട്ടുകാരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അടിമാലിയിൽ നിന്ന് ഫയർഫോഴ്സും മെഡിക്കൽ സംഘവും എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. റോണി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ച് മുതൽ തല വരെയുള്ള ഭാഗം മണ്ണിനടിയിൽ പെടാതെ ഇരുന്നതാണ് ജീവൻ തിരിച്ചു കിട്ടാൻ കാരണമായതെന്ന് റോണി പറഞ്ഞു. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എൻ സുനിൽകുമാർ ഫയർമാന്മാരായ ലിബിൻ മാത്യു, ജിനു, ഹോംഗാർഡുമാരായ ബിജു ജോർജ്, ജോസഫ് ഡ്രൈവർമാരായ സനീഷ്, രാഹുൽ രാജ്, താലൂക്ക് ആശുപത്രിയിൽ നിന്ന് അസ്ഥിരോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. ഫിനിക്സ് ബേബിയും രക്ഷാപ്രവർത്തനങ്ങൾ നേതൃത്വംനൽകി.