വണ്ടിപ്പെരിയാർ: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ കാട്ടുതീ പടർന്നു പിടിച്ചു. ഹെക്ടർ കണക്കിന് പുല്ലുമേടുകൾ കത്തിനശിച്ചു. പെരിയാർ കടുവാ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനിലെ തൊണ്ടിയാർ സെക്ഷനിൽപ്പെട്ട പോത്തിൻ കണ്ടത്തെ മലനിരകളാണ് കത്തി നശിച്ചത്. ഏകദേശം പത്ത് ഹെക്ടർ വനഭൂമിയിലെ പുല്ലുമേടുകൾ കത്തി നശിച്ചതായാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ മുതൽ കാട്ടു തീ പടർന്നെങ്കിലും ഇന്നലെ വൈകിട്ടോടെയാണ് വനംവകുപ്പിന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. ഇതിനിടയിലാണ് ഹെക്ടർ കണക്കിനു പുല്ലുമേടുകൾ കത്തി നശിച്ചത്. ചെങ്കുത്തായ പ്രദേശമായതിനാൽ ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത കാറ്റു വീശുന്നതിനാൽ പുല്ലുമേടുകളിൽ തീ അതിവേഗം വ്യാപിച്ചു. അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശമായതിനാൽ വനപാലകർ തന്നെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മലഞ്ചെരുവിലേയ്ക്ക് ഇറങ്ങുന്നതിനും തടസങ്ങൾ നേരിട്ടു. വാഹനം ഈ ഭാഗത്തേയ്ക്ക് എത്തിക്കുന്നതിനു കഴിയാതെ വന്നതാണ് കൂടുതൽ മൊട്ടക്കുന്നുകൾ കത്തിനശിക്കാനുണ്ടായ കാരണം. നൂറോളം വനം വകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.