മറയൂർ: ഡോ. ബാബുപോൾ കാലയവനികയ്ക്കുള്ളിൽ മറയുമ്പോഴും മറയൂരിൽ അദ്ദേഹത്തിന്റെ ഓർമ്മയുണർത്തി ഒരു ലക്ഷം വീട് കോളനിയുണ്ട്- ബാബുനഗർ കോളനി. ബാബുപോളിന്റെ പേരിലാണ് ഈ കോളനി ഇന്നും അറിയപ്പെടുന്നത്. തുടക്കത്തിൽ ലക്ഷം വീട് എന്ന പേരിലാണ് ഈ കോളനി അറിയപ്പെട്ടിരുന്നത്. കോളനി സ്ഥാപിക്കാൻ ഇടുക്കി ജില്ലാ കളക്ടറായിരുന്ന ബാബുപോൾ എടുത്ത നിലപാടുകളുടെ അടിസ്ഥാനത്തിലാണ് കോളനിക്ക് ബാബുനഗർ എന്ന പേര് അന്നത്തെ പൊതുപ്രവർത്തകർ ഇട്ടത്. മറയൂർ വില്ലേജിൽ സർവ്വേ നമ്പർ 27 7/1 ൽപ്പെട്ട സ്ഥലത്ത് 1974 ലാണ് 100 വീടുകൾ നിർമ്മിച്ചത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതു മുതൽ വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറുന്നതുവരെയുള്ള എല്ലാ കാര്യത്തിലും ബാബുപോളിന്റെ സജീവ ഇടപെടൽ ഉണ്ടായിരുന്നതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ജോസഫ് ഓർക്കുന്നു. ഒരു ഗുണഭോക്താവിൽ നിന്ന് 100 രൂപയാണ് അന്ന് അപേക്ഷയോടൊപ്പം വാങ്ങിയത്. ഒരു കെട്ടിടത്തിൽ തന്നെ ഇരുവശവും രണ്ടു മുറികളുള്ള രണ്ടു വീടുകളായിട്ടായിരുന്നു നിർമ്മാണം.