പീരുമേട്: ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ജലവിതരണ പൈപ്പിൽ പ്ലാസ്റ്റിക് ബക്കറ്റ് തിരുകി കുടിവെള്ള വിതരണം തടസപ്പെടുത്തിയതായി പരാതി. ഹെലിബറിയ ശുദ്ധജല പദ്ധതിയുടെ ഭാഗമായ പുല്ലുപാറ ടാങ്കിനുള്ളിൽ ഘടിപ്പിച്ച വിതരണ പൈപ്പിലാണ് സാമൂഹിക വിരുദ്ധർ ബക്കറ്റ് തിരുകിയത്. ഇവിടെ നിന്നുള്ള ജലമാണ് പെരുവന്താനം, ചുഴുപ്പ്, നെടിയോരം, കരണിക്കാട്, കൊടികുത്തി, മരുതുംമൂട്, മുപ്പത്തി ആറാം മൈൽ, മെഡിക്കൽ ട്രസ്റ്റ്, മണിക്കൽ, പാലൂർക്കാവ് മുപ്പത്തി അഞ്ചാം മൈൽ, കല്ലേപ്പാലം എന്നിവിടങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്നത്. വേനൽ കനത്തതോടെ എല്ലാ മേഖലകളിലും ജല വിതാനം താണുതുടങ്ങി. നിലവിൽ ഇവിടെ നിന്നുള്ള ജലത്തെ ആശ്രയിച്ചു മാത്രമാണ് പ്രദേശവാസികൾ കഴിയുന്നത്. ഹെലിബറിയയിലെ ജലനിരപ്പ് താഴ്ന്നതോടെ കഴിഞ്ഞ നാല് ദിവസമായി ജലവിതരണം മുടങ്ങിയിരുന്നു. ഇതിന് ശേഷം ശനിയാഴ്ച പമ്പിംഗ് ആരംഭിച്ചെങ്കിലും ചുഴുപ്പിലെ സംഭരണ ടാങ്കിലും പെരുവന്താനത്തും ജലമെത്താതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ബക്കറ്റ് കണ്ടെടുത്തത്. ഇത്കാരണം ആയിരക്കണക്കിന് ലിറ്റർ ജലമാണ് പാഴായത്. സംഭവത്തിൽ ജല അതോറിട്ടി പെരുവന്താനം പൊലീസിൽ പരാതി നൽകി.