വണ്ടിപ്പെരിയാർ : ഇരുചക്രവാഹനത്തിൽ എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടത്താൻ ശ്രമിച്ച
എട്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ വണ്ടിപ്പെരിയാർ എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനം വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റു. കായംകുളം സ്വദേശി വിഷ്ണു(25), കായംകുളം പട്ടൻ റയ്യത്ത് വീട്ടിൽ ആസിഫ്(20) എന്നിവരെയാണ് ഇന്നലെ രാവിലെ ഏഴുമണിയോടെ എട്ടു കിലോ കഞ്ചാവുമായി വണ്ടിപ്പെരിയാർ എക്‌സൈസ് പിടികൂടിയത്. അപകടത്തിൽ കാലിനു പരിക്കേറ്റ വിഷ്ണുവിനെ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുമളിയിലെ ചെക്പോസ്റ്റിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ ഇരുചക്രവാഹനത്തിലെത്തിയ യുവാക്കളെ കൈകാണിച്ചെങ്കിലും ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പഴയ പാലത്തിനു സമീപം എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ആക്രമിച്ച് കടക്കാൻ ശ്രമിച്ച പ്രതികളുടെ ഇരുചക്ര വാഹനം റോഡിൽ മറിയുകയായിരുന്നു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. കമ്പത്തു നിന്ന് വാങ്ങുന്ന കഞ്ചാവ് കിലോയ്ക്ക് ലക്ഷം രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാർക്ക് ഇവർ വില്‍പ്പന നടത്തുന്നത്. ഇവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് വരുകയാണ്. കൂടുതൽ ആളുകൾക്ക് ഇതുമായി ബന്ധമുണ്ടന്നാണ് നിഗമനമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ് പ്രമോദ്, ഓഫീസർമാരായ ഹാപ്പി മാൻ പി. എ രവി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജ്കുമാർ, ജോസി വർഗീസ്, അരുൺ ബി. കൃഷ്ണൻ, സിജു ദാനിയേൽ, അരുൺ റ്റി. നായർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.