elam
വേനലിന്റെ കാഠിന്യത്തിൽ കരിഞ്ഞുണങ്ങിയ കോഴിമല വയലുങ്കൽ ഗോപിയുടെ കൃഷിയിടത്തിലെ ഏലച്ചെടി

കട്ടപ്പന: വേനൽമഴ ലഭിക്കാത്തതിനാലും ചൂട് ക്രമാതീതമായി ഉയരുന്നതും ഹൈറേഞ്ചിലെ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. നിരവധി കർഷകരുടെ കാർഷിക വിളകളാണ് വേനലിന്റെ തീഷ്ണമായ ചൂടിൽ കരിഞ്ഞുണങ്ങുന്നത്. ഈ വർഷം ഏലത്തിന് ന്യായമായ വിലലഭിക്കുന്നത് കർഷകർക്ക് വലിയ പ്രതീക്ഷകളാണ് നൽകിയത്. എന്നാൽ വേനൽ ചൂടിൽ ഏലതോട്ടങ്ങൾ കരിഞ്ഞ് ഉണങ്ങുന്നത് കർഷകരുടെ സ്വപ്നങ്ങളെല്ലാം തകർത്തു. കഴിഞ്ഞ കാലവർഷക്കെടുതിയിൽ കൃഷി വ്യാപകമായി നശിച്ചതിനെ തുടർന്നുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറും മുമ്പേയാണ് വേനലിന്റെ തീക്ഷ്ണതയിൽ എല തോട്ടങ്ങൾ കരിയില കൂമ്പാരമാആയി മാറുന്നത്. ഇത് കർഷകർക്ക് മാത്രമല്ല, കർഷക തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവരെയും ഏറെ ദുരിതത്തിലാക്കുന്നു. പല കടകളിലും കച്ചവടം നാലിൽ ഒന്നായി കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. തോട്ടം മേഖലയിൽ പണിയില്ലാതെ വന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഏലത്തെ മാത്രമല്ല വേനൽ ബാധിച്ചിരിക്കുന്നത്. ഗ്രാംബു, ജാതി, കൊടി, കാപ്പി തുടങ്ങിയ പലവിളകളും കരിഞ്ഞ് ഉണങ്ങുകയാണ്.