അടിമാലി: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വെള്ളത്തൂവലിലെ പി.ഡി സെബാസ്റ്റ്യൻ മെമ്മോറിയൽ വായനശാലയുടെ ബലക്ഷയം പരിഹരിച്ച് തുറന്ന് പ്രവർത്തിക്കാൻ നടപടി വേണമെന്ന് ആവശ്യം ശക്തം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ഡി സെബാസ്റ്റ്യന്റെ സ്മരണാർത്ഥമായിരുന്നു വെള്ളത്തൂവൽ ടൗണിൽ വർഷങ്ങൾക്ക് മുമ്പ് പി.ഡി സെബാസ്റ്റ്യൻ മെമ്മോറിയൽ വായനശാല സ്ഥാപിച്ചത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന വായനശാലയിപ്പോൾ അടഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് വായനശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതാണ് വായനശാലയ്ക്ക് പൂട്ടുവീഴാൻ കാരണം. പ്രളയമൊഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴും വായനശാല തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടിയില്ല. വെള്ളത്തൂവൽ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് വായനശാല കെട്ടിടം സ്ഥിതി ചെയ്യുന്നത്. താഴത്തെ നില പൊതുശുചിമുറിയും മുകളിലത്തെ നില വായനശാലയുമായിട്ടായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. വായനക്കുള്ള ഇടമെന്നതിനൊപ്പം ഈ കെട്ടിടം സൗഹൃദകൂട്ടായ്മക്കും ഇടമൊരുക്കി. വർഷങ്ങൾക്ക് മുമ്പ് ചതുപ്പ് നിറഞ്ഞ സ്ഥലത്തായിരുന്നു ഈ കെട്ടിടം നിർമ്മിച്ചത്. ഇതാവാം കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വായനയ്ക്കും സൗഹൃദത്തിനും അവസരമൊരുക്കിയിരുന്ന വായനശാല തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നാണ് വെള്ളത്തൂവലിലെ യുവജനതയുടെ ആവശ്യം.