karimbu
കരിമുട്ടിയിലെ കരിമ്പ് കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ.

മറയൂർ: മറയൂർ കരിമുട്ടിയിൽ കാട്ടാനക്കൂട്ടം സൗരോർജ വേലി തകർത്ത് കരിമ്പു കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച ചില്ലറപ്പാറ ഗണേശന്റെ കരിമ്പാണ് ആന നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും ഗണേശൻ നിർമ്മിച്ച സൗരോർജ വേലിയും ചിന്നാർ വനാതിർത്തിയാൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലിയും തകർത്താണ് ആനക്കൂട്ടം കരിമ്പിൻ തോട്ടത്തിൽ ഇറങ്ങിയത്. കൊമ്പുകൾ ഉപയോഗിച്ച് സൗരോർജ വേലിയുടെ കമ്പികൾ പൊക്കി താഴെയിട്ടതിന് ശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്. സമീപത്തെ കെട്ടിടത്തിൽ കാവൽ കിടന്നിരുന്ന ഗണേശൻ പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും പടക്കം വീണ് കരിമ്പ് കാടിന് തീ പിടിച്ചതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു. മറയൂർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ.നിസാമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തിയാണ് ആനകളെ തുരത്തിയത്. ഇതിനകം ഒരേക്കറിലെ കരിമ്പു കൃഷി പൂർണമായും നശിപ്പിച്ചു. വന്യ ജീവികളുടെ കടന്നുകയറ്റം തടയാൻ ലക്ഷങ്ങൾ മുടക്കി ചിന്നാർ വനാതിർത്തിയിൽ സൗരോർജ വേലിയും കിടങ്ങും മറ്റ് പദ്ധതികളും നടപ്പിലാക്കിയെങ്കിലും എല്ലാം പ്രയോജനമില്ലാതെ പരാജയപ്പെട്ടു. കാട്ടാനകളുടെ കടന്നുകയറ്റം തടയാൻ യാതൊരുവിധ നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.