ഇടുക്കി: ജില്ലയുടെ എക്കാലത്തെയും മികച്ച കളക്ടർ ആരായിരുന്നെന്ന ചോദ്യത്തിന് അന്നുമിന്നും ഡി. ബാബു പോളിന്റെ പേര് മാത്രമാകും ഉണ്ടാകുക. ഇടുക്കിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇടുക്കിയെന്ന മലയോര ജില്ലയുടെ ആദ്യത്തെ കളക്ടർ പദവി അലങ്കരിക്കുമ്പോൾ ഡി. ബാബുപോളിന് കടമ്പകൾ ഏറെ കടക്കേണ്ടതുണ്ടായിരുന്നു. അതിവേഗത്തിലായിരുന്നു അദ്ദേഹം തന്റെ ഭരണ മികവ് പ്രകടിപ്പിച്ചത്. ജില്ല നിലവിൽ വന്ന 1972 ജനുവരി 26 മുതൽ 1975 ആഗസ്റ്റ് 19 വരെ ഇടുക്കിയുടെ മണ്ണിൽ അദ്ദേഹം പുതിയ ഭരണതന്ത്രങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കി. ഇടുക്കിയെന്ന ഔദ്യോഗിക നാമത്തിന് മുന്നേ ഈ മലയോരമണ്ണിനെ തുഷാരഗിരിയെന്ന് വിളിക്കാനാണ് ബാബുപോൾ ആഗ്രഹിച്ചിരുന്നത്. ജില്ലാ രൂപീകരണത്തിനും പൈനാവിൽ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനും ബാബുപോൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇടുക്കി ആർച്ച് ഡാമിന്റെ നിർമ്മാണ സമയത്ത് കളക്ടർ പദവിക്കൊപ്പം പ്രോജക്ട് കോർഡനേറ്റർ പദവിയും അദ്ദേഹം വഹിച്ചു. ആദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളിലെ തന്നെ ശ്രദ്ധേയമായ ഒന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണം. കളകടർ പദവിയിൽ ഇരുന്ന കാലഘട്ടത്തിന്റെയും അണക്കെട്ടിന്റെ നിർമ്മാണ സമയങ്ങളിലെയും അദ്ദേഹത്തെക്കുറിച്ചുള്ള ചില ഓർമ്മകൾ ഇടുക്കിയിലെ ജനത ഇന്നും പങ്കുവെയ്ക്കുന്നു. കുളമാവ് അണക്കെട്ടിന്റെ നിർമ്മാണത്തിനിടയിൽ ഉണ്ടായ തൊഴിലാളി പ്രശനങ്ങൾ ഒത്തു തീർപ്പാക്കിയതും പദ്ധതി പ്രദേശത്തെ കുടയേറ്റക്കാരെ ഒഴിപ്പിക്കുകയും തുടർന്ന് പുനരധിവസിപ്പിക്കുകയും ചെയ്തതും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളിൽ ഒന്ന് മാത്രമാണ്. ജനങ്ങളുമായുള്ള ഇടപെടലിലിൽ എക്കാലവും സൗമ്യതയും സൗഹൃദവും പുലർത്തി. ഇടുക്കിക്ക് ഒരിക്കലും മറക്കാനാകാത്ത മാനസ പുത്രന് യാത്രയപ്പ് നൽകുകയാണ് മലയോരജനത.

കളക്ട്രേറ്റിൽ അനുശോചന യോഗം

ഇടുക്കി: ജില്ലയുടെ ആദ്യ കളക്ടറും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോളിന്റെ വിയോഗത്തിൽ കളക്ടറേറ്റിൽ അനുശോചന യോഗം ചേർന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്ന ബാബു പോളിന്റെ നിര്യാണത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അനുശോചനമറിയിച്ചു. എ.ഡി.എം അനിൽ ഉമ്മൻ, ആർ.ഡി.ഒ എം.പി വനോദ് എന്നിവരും കളക്ട്രേറ്റിലെ ജീവനക്കാരും അനുസ്മരിച്ചു.