തൊടുപുഴ: ബിരുദപഠന കാലത്തിന്റെ ഓർമ്മകൾ ഉണർത്തി തൊടുപുഴയുടെ ഹൃദയം കവർന്ന് ജോയ്സ് ജോർജിന്റെ ഉജ്ജ്വല മുന്നേറ്റം. തൊടുപുഴ ന്യൂമാൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ പരിചിതമായ തൊടുപുഴ പ്രദേശത്ത് ഉജ്ജ്വല സ്വീകരണമാണ് ജോയ്സിന് ലഭിച്ചത്. രാവിലെ പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞിയിൽ നിന്നായിരുന്നു പര്യടന പരിപാടി ആരംഭിച്ചത്. പിന്നീട് പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി ഉച്ച ഊണിനായി ഒളമറ്റത്ത് സമാപിച്ചു. ഉച്ചതിരിഞ്ഞ് കുമാരമംഗലം പഞ്ചായത്തിലെ പാറയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് മുനിസിപ്പൽ ഏരിയയിലും പര്യടനം നടത്തി. വൈകിട്ട് എട്ടിന് കുമ്മങ്കല്ലിൽ സമാപന സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ കെ.പി. മേരി, കെ.കെ ശിവരാമൻ, വി.വി മത്തായി, കെ. സലിംകുമാർ, അനിൽ കൂവപ്ലാക്കൽ, ജോർജ് അഗസ്റ്റിൻ, എം.എം സുലൈമാൻ, മുഹമ്മദ് ഫൈസൽ, ടി.ആർ സോമൻ, ജയകൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇതോടെ തൊടുപുഴയിൽ അഞ്ചാംഘട്ട പര്യടനവും ജോയ്സ് ജോർജ് പൂർത്തിയാക്കി.
ജോയ്സ് ഇന്ന് ദേവികുളത്ത്
ജോയ്സ് ജോർജ് ഇന്ന് ദേവികുളത്ത് പര്യടനം നടത്തും. രാവിലെ ഏഴിന് ബിയൽറാമിൽ നിന്നാണ് തുടക്കം. തുടർന്ന് ചിന്നക്കനാൽ, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് ഏഴിന് വട്ടവടയിൽ സമാപിക്കും.
വിഷു ആശംസകൾ നേർന്നു
ഇടുക്കി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എല്ലാ അംഗങ്ങൾക്കും വിഷു ആശംസകൾ നേർന്നു.