ചെറുതോണി: തകർന്നുവീഴാറായ കാത്തിരിപ്പ് കേന്ദ്രത്തിൽ ഭീതിയോടെ യാത്രക്കാർ. കഞ്ഞിക്കുഴി പഞ്ചായത്തിലെ കത്തിപ്പാറത്തടം പള്ളി ജംഗ്ഷനിലുള്ള കാത്തിരിപ്പ് കേന്ദ്രമാണ് ഏത് നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ ചാഞ്ചാടുന്നത്. കാലപ്പഴക്കം മൂലം ഭിത്തിയും മേൽക്കൂരയും എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കത്തിപ്പാറത്തടം പള്ളിയിൽ വരുന്നവർ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇവിടെ വന്നുപോകുന്നത്. എടക്കാട്, ആൽപ്പാറ, ചുരുളിപ്പതാൽ, കൊച്ചുചേലച്ചുവട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഇവിടെയെത്തിയ ശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് ബസിൽ കയറിപോകുന്നത്. ഭിത്തികൾ ഇടിഞ്ഞുവീഴാറായതോടെ യാത്രക്കാർ നടുറോഡിലും കടകളുടെ തിണ്ണകളിലുമാണ് ബസ് കാത്തുനിൽക്കുന്നത്. കാത്തരിപ്പ് കേന്ദ്രം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കാലവർഷത്തിനുമുമ്പെങ്കിലും കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.