പീരുമേട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും മിനി വാനും കൂട്ടിയിടിച്ച് തീർത്ഥാടകന് പരിക്ക്. തമിഴ്നാട് തിരുപ്പൂർ സ്വദേശി മണികണ്ഠനാണ് (31) അപകടത്തിൽ പരിക്കേറ്റത്. ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപത്തായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന കാറും ദർശനം കഴിഞ്ഞ് തിരികെ മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന തീർത്ഥാടകനാണ് അപകടത്തിൽ പരിക്കേറ്റത്. ഹൈവേ പൊലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.