deen
യു.ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ ഏലപ്പാറയിൽ പ്രവർത്തകർ കിരീടം അണിയിച്ച് സ്വീകരിക്കുന്നു.

പീരുമേട്: ആവേശ തിരയിളക്കം സൃഷ്ടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം. ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും തിലകക്കുറി അണിയിച്ചും തോട്ടം തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കൊടിതോരണങ്ങളും പ്ലക്കാർഡുകളും കൈയിലേന്തി നൂറുകണക്കിനാളുകളാണ് കാത്തു നിന്നത്. തോട്ടം മേഖലയിലെ ശമ്പള വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുമെന്ന് സ്ഥാനാർത്ഥി തൊഴിലാളികൾക്ക് ഉറപ്പു നൽകി. യുവാക്കളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ഒരോ സ്വീകരണ കേന്ദ്രങ്ങിലേക്കും സ്ഥാനാർത്ഥിയെ ആനയിച്ചത്. മുത്തുക്കുടയും വാദ്യമേളങ്ങളും സ്വീകരണ ചടങ്ങുകൾക്ക് കൊഴുപ്പേകി. ഓശാന ഞായറായ ഇന്നലെ രാവിലെ ഏലപ്പാറ സെന്റ് അൽഫോൻസ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങളിലും കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്ത ശേഷം ബോണക്കാട് എസ്റ്റേറ്റിൽ നിന്നാണ് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത്. മുൻ ഡി.സി.സി പ്രഡിഡന്റ് ജോയി തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.ടി. തോമസ്, അലക്സ് കോഴിമല, സി.പി. മാത്യു, മാർട്ടിൻ മാണി, രാരിച്ചൻ നീർണാകുന്നേൽ, എം. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു. തുടർന്ന് കോലാഹലമേട്, വാഗമൺ, ഉപ്പുതറ, ഏലപ്പാറ, പാമ്പനാർ, പെരുവന്താനം മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി നാരകം പുഴയിൽ പര്യടനം സമാപിച്ചു.

ഡീൻ നാളെ തൊടുപുഴയിൽ

വിഷു പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ ഡീൻ കുര്യാക്കോസിന്റെ പര്യടന പരിപാടി നാളെ തൊടുപുഴ നിയോജകമണ്ഡലത്തിൽ നടക്കും. കോളപ്രയിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. കുടയത്തൂർ, കാഞ്ഞാർ, ഇലപ്പള്ളി മൂലമറ്റം കുരുതിക്കളം കുളമാവ് കോഴിപ്പള്ളി നാളിയാനി, മേത്തൊട്ടി,​ പൂമാല,​ പന്നിമറ്റം,​ കറുകപ്പള്ളി,​ ഇളംദേശം,​ കലയന്താനി,​ ചിലവ്,​ തട്ടക്കുഴ,​ ചെപ്പുകുളം,​ പെരിങ്ങാശേരി, ആൾകല്ലു, ചീനിക്കുഴി കോട്ടക്കവല,​ അമയപ്ര ഉടുമ്പന്നൂർ, മുളപ്പുറം,​ തൊമ്മൻകുത്ത്, വെൺമറ്റം, മുണ്ടൻമുടി,​ ചീങ്കൽസിറ്റി,​ വെള്ളക്കയം,​ അമ്പലപ്പടി,​ ഒടിയപാറ,​ കാളിയാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് എട്ടിന് വണ്ണപ്പുറത്ത് സമാപിക്കും.