ഇടുക്കി: പ്രളയം നിറം കെടുത്തിയ തെക്കിന്റെ കാശ്മീരിൽ ജോയ്സ് ജോർജ്ജ് വോട്ടുതേടിയെത്തിയപ്പോൾ കാത്തു നിന്നത് കർഷകരും ചെറുകിട കച്ചവടക്കാരും തോട്ടം തൊഴിലാളികളും അടക്കമുള്ള ആയിരങ്ങൾ. മൂന്നാറിൽ ഇനിയെന്നും വിനോദസഞ്ചാരത്തിന്റെ കാലമാണെന്നും അതിനായാണ് പ്രയത്നമെന്നും ജോയ്സ് പറഞ്ഞപ്പോൾ കൂടിനിന്നവർ കരഘോഷമുയർത്തി. ബി.എൽ റാമിൽ രാവിലെ ഏഴിന് സ്ഥാനാർത്ഥി എത്തിയപ്പോൾ സ്വീകരിക്കാനുണ്ടായിരുന്നത് വൻ ജനാവലിയാണ്. ആരതിയുഴിഞ്ഞും പരമ്പരാഗതരീതിയിൽ വരവേൽപ്പ് നൽകിയുമാണ് തോട്ടം ജനത ജോയ്സിനെ വരവേറ്റത്. തുടർന്ന് ചിന്നക്കനാൽ, ദേവികുളം, മൂന്നാർ പഞ്ചായത്തുകളിൽ പര്യടനം എത്തിയപ്പോൾ ആൾക്കൂട്ടത്തിന് എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. വട്ടവടയിൽ പര്യടനം എത്തിയപ്പോൾ നാടുമുഴുവൻ അവിടെ തടിച്ചു കൂടിയിരുന്നു.
ജോയ്സ് നാളെ പീരുമേട്ടിൽ
ജോയ്സ് നാളെ പീരുമേട്ടിൽ പര്യടനം നടത്തും. പെരുവന്താനത്ത് രാവിലെ ഏഴിന് ആരംഭിക്കുന്ന പര്യടനം കൊക്കയാർ, പീരുമേട്, കുമിളി എന്നിവിടങ്ങളിൽ പര്യടനം നടത്തും.
ജോയ്സിന് ഇന്ന് പര്യടനമില്ല, വിഷു തോട്ടം തൊഴിലാളികൾക്കൊപ്പം ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് ഇന്ന് പൊതുപര്യടനമില്ല. ദേവികുളത്ത് തോട്ടം തൊഴിലാളികൾക്കൊപ്പം വിഷു ആഘോഷത്തിൽ പങ്കുചേരും. തോട്ടം മേഖലയിലെ ഉൾപ്രദേശങ്ങളിലുള്ള ലയങ്ങളിലേക്കാണ് ജോയ്സ് ഇന്ന് എത്തിച്ചേരുന്നത്.
എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് സി.പി.എം
ഇടുക്കി: ഇടതുപക്ഷജനാധിപത്യ മുന്നണി ചരിത്ര വിജയം നേടുമെന്നും ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ലീഡ് നേടുമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ: ജോയ്സ് ജോർജ്ജിന് മണ്ഡലത്തിലുടനീളം വർദ്ധിച്ച ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാം വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇടതുപക്ഷത്തിനനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലത്തിൽ എമ്പാടും. ലോറേഞ്ചിലെ മൂന്ന് മണ്ഡലങ്ങളും ഇത്തവണ ലീഡ് ചെയ്യും. നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനാൽ പ്രചരണ രംഗത്തും പ്രവർത്തന രംഗത്തും ബഹുദൂരം മുന്നിലെത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏറ്റവും മികച്ച കെട്ടുറപ്പോടെ എണ്ണയിട്ട യന്ത്രംപോലെ മണ്ഡലത്തിൽ ആകെ നിറഞ്ഞ് നിന്ന് ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വർദ്ധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സഹായകരമാകുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.