ഇടുക്കി: എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണന്റെ പീരുമേട് നിയോജകമണ്ഡലം പര്യടനം ഇന്നലെ രാവിലെ ചക്കുപള്ളം പഞ്ചായത്തിലെ സുൽത്താൻ കടയിൽ നിന്നാണ് ആരംഭിച്ചത്. അംബേദ്കർ അനുസ്മരണത്തോടെ ആരംഭിച്ച സ്വീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അംമ്പിയിൽ മുരുകന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി ജി. ഷാജി നെല്ലിപ്പറമ്പൻ ഉദ്ഘാടനം ചെയ്തു. അടിസ്ഥാനവർഗ ജനതയുടെ നവോത്ഥാന നായകൻ അംബേദ്കർ നമ്മുടെ രാജ്യത്തിന് നൽകിയിട്ടുള്ള മഹത്തായ സേവനങ്ങൾ വിസ്മരിക്കാനാവാത്തതാണെന്ന് ബിജുകൃഷ്ണൻ പറഞ്ഞു. തോട്ടം മേഖലയിൽ സ്ഥാനാർത്ഥിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കണിക്കൊന്ന നൽകിയും ആരതിയുഴിഞ്ഞും തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറിമാരായ എ.വി. മുരളീധരൻ, അനീഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ ജന. സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. വിജയൻ, ബി.എം.എസ് കുമളി മേഖല സെക്രട്ടറി സി.കെ. മനോജ്, പി.പി. പ്രദീപ്, എൻ.എസ്. ജയപ്രകാശ്, അമ്പിളി ബിജു, മോഹൻദാസ്, വിജയലക്ഷ്മി, ബിന്ദു കറുപ്പയ്യ എന്നിവർ പങ്കെടുത്തു. അണക്കര, ആറാംമൈൽ, കുമളി, മുരുക്കടി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ നൂറുകണക്കിനാളുകളാണ് ബിജു കൃഷ്ണന് സ്വീകരണമൊരുക്കി കാത്തിരുന്നത്. വാഗമണ്ണിൽ പര്യടനം അവസാനിപ്പിച്ച ബിജു കൃഷ്ണൻ എല്ലാവർക്കും വിഷു- ഈസ്റ്റർ ആശംസകൾ നേർന്നു.