ചെറുതോണി: ഇടുക്കി- കുളമാവ് റോഡിൽ പകൽ സമയം വനമേഖലയിൽ കാട്ടാന വാഹനങ്ങൾ ആക്രമിച്ചു. ഒരു കാറിനും പിക്കപ്പിനും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാവിലെ 11.30ന് മീൻമുട്ടിക്കും ചേരിക്കുമിടയിലാണ് സംഭവം. ഒരേസമയത്താണ് ഇരു വാഹനങ്ങളും കടന്നുപോയത്. ആദ്യമെത്തിയ കാറിൽ ആന കുത്തുകയായിരുന്നു. രണ്ട് ഡോറിലും തുള വീണിട്ടുണ്ട്. പിക്കപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. തൊടുപുഴ സ്വദേശിയുടേതാണ് ആക്രമിക്കപ്പെട്ട കാർ. ഈ പ്രദേശത്ത് സ്ഥിരമായി ആന ഒറ്റയായും കൂട്ടമായും എത്താറുണ്ട്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന മോഴ ആനയാണ് വാഹനങ്ങൾ ആക്രമിച്ചതെന്ന് കരുതുന്നു. ആറ് മാസം മുമ്പ് ഈ ഭാഗത്തുവച്ച് മോഴ ആന ബൈക്ക് യാത്രക്കാരെ ആക്രമിച്ചിരുന്നു. മുമ്പ് രാത്രി കാലങ്ങളിലായിരുന്നു ആനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്നലെ പകൽ റോഡിലിറങ്ങിയ ആന അക്രമാസക്തമായതിന്റെ കാരണം വ്യക്തമല്ല. ചൂടുകൂടിയതും കുടിവെള്ളം ലഭ്യമല്ലാത്തതും തീറ്റയുടെ കുറവുമൂലമാണ് ആന അക്രമാസക്തമായതെന്ന് സംശയിക്കുന്നു. റോഡിൽ നിന്ന ആന കാറിന് നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.