ചെറുതോണി: വ്യാജവിവരാവകാശ രേഖ ചമച്ച് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണം നടത്തുന്നതിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ഇലക്ഷൻ കമ്മിഷന് പരാതി നൽകി. വിവരാവകാശരേഖ എന്ന നിലയിൽ സമ്മതിദായകർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വ്യാജരേഖകൾ അച്ചടിച്ച് വീടുകൾ തോറും വിതരണം ചെയ്യുന്നതിനെതിരെയാണ് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കുവേണ്ടി വ്യാജരേഖകൾ നിർമ്മിച്ച് സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.