അറക്കുളം: പൊലീസ് പരിശോധനയ്ക്കിടെ മൂന്നുങ്കവയൽ പാലത്തിൽ നിന്ന് പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടയാൾക്കായി ഇന്നലെ രാവിലെ മുതൽ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൂച്ചപ്ര ദേവരുപാറ മരുതാനിക്കല്‍ സന്തോഷിനെയാണ് (42) കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ മൂന്നുങ്കവയല്‍ പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മൂന്നുങ്കവയൽ തൂക്കുപാലത്തിന് സമീപത്ത് മദ്യപാനം പതിവാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നു പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു പൊലീസ്. ഈ സമയം പ്രനോബ്, സിനോദ്, വിനോദ്, സന്തോഷ് എന്നിവർ ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് എത്തുന്നതിനിടെ സന്തോഷും സിനോദും സ്ഥലത്ത് നിന്ന് മാറി. ഇതിനിടെ സന്തോഷ് തൂക്കുപാലത്തിനു മുകളിൽ നിന്ന് കാൽ വഴുതി വെള്ളത്തിൽ വീണതാവാമെന്നാണ് സംശയം. അറക്കുളം അമ്പലത്തിനു സമീപത്ത് ആറ്റില്‍ നിന്ന് ഒരാള്‍ കൈപൊക്കി കാണിക്കുന്നതു കണ്ടതായി പുഴയ്ക്ക് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ പറഞ്ഞിരിന്നു. ഇതനുസരിച്ച് ഇയാൾ പുഴയില്‍ വീണ സ്ഥലം മുതല്‍ കുടയത്തൂർ വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തൊടുപുഴയില്‍ നിന്നെത്തിയ സ്കൂബാ ടീം, കാഞ്ഞാർ പൊലീസ്, മൂലമറ്റം ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കാഞ്ഞാർ സി.ഐ ഷിന്റോ പി. കുര്യൻ,​ എസ്.ഐമാരായ ജോൺ സെബാസ്റ്റ്യൻ, പി.ആർ. അലി എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. മൂലമറ്റം ഫയർഫോഴ്സിന്റെ മൂന്ന് വണ്ടി ജീവനക്കാർ, കൈപ്പയിൽ നിന്നുള്ള രണ്ടു വള്ളങ്ങൾ, കാഞ്ഞാർ അറക്കുളം പ്രദേശത്തെ യുവാക്കൾ, പൂച്ചപ്ര ദേവരുപാറ പ്രദേശവാസികൾ തുടങ്ങിയവരെല്ലാം രാത്രി വൈകിയും തെരച്ചിൽ നടത്തി. മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം കൂടിയതിനാൽ ശക്തമായ ഒഴുക്കാണ് പുഴയിലുള്ളത്. ഇതിനാൽ ദൂരേക്ക് ഒഴുക്കിൽപ്പെട്ട് പോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ശനിയാഴ്ച തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.